ഇലവനില്‍ ഇടം നേടുവാന്‍ വേണ്ടത് താന്‍ ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നു – ക്രിസ് വോക്സ്

- Advertisement -

ഇംഗ്ലണ്ട് ഇലവനില്‍ ഇടം പിടിക്കുവാന്‍ വേണ്ടത് താന്‍ ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നുവെന്ന് പറഞ്ഞ് ക്രിസ് വോക്സ്. എന്നാല്‍ അത് വളരെ പ്രയാസകരമായ കാര്യമാണെന്ന് തനിക്ക് അറിയാമെന്നും വോക്സ് പറഞ്ഞു. ഇംഗ്ലണ്ടിന്റെ ഫാസ്റ്റ് ബൗളിംഗ് നിര കരുത്തുറ്റതാണ്, വൈവിധ്യമായര്‍ന്ന ബൗളിംഗിന് ഉടമയാണ് ടീം. അത്തരത്തിലൊരു ടീമില്‍ ഇടം പിടിക്കുക എളുപ്പമല്ലെന്നറിയാം. എന്നാല്‍ ഇംഗ്ലണ്ടിന് വേണ്ടിയുള്ള തന്റെ റെക്കോര്‍ഡ് മികച്ചതാണെന്ന് വോക്സ് വ്യക്തമാക്കി.

സ്റ്റുവര്‍ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്സണ്‍, സാം കറന്‍, ജോഫ്ര ആര്‍ച്ചര്‍, ക്രിസ് വോക്സ് എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി വിന്‍ഡീസിനെതിരെ മികവ് പുലര്‍ത്തിയത്. സ്റ്റോക്സ് കൂടി ബൗള്‍ ചെയ്യുവാന്‍ ഫിറ്റാണെങ്കില്‍ ടീമില്‍ മൂന്ന് പേസര്‍മാര്‍ക്ക് ഇടം ലഭിയ്ക്കുകയുള്ളു. സാം കറനെ പുറത്തിരുത്തിയാലും വോക്സും ജോഫ്രയും തമ്മിലാവും പിന്നീടുള്ള സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടം.

രണ്ടാം ടെസ്റ്റില്‍ ബ്രോഡിനൊപ്പം വോക്സാണ് ആന്‍ഡേഴ്സണിന്റെ അഭാവത്തില്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. ഇത്തരത്തില്‍ ബഹുമുഖ പ്രതിഭ കൂടിയാണ് താനെന്നത് തനിക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നതെന്നും താരം വ്യക്തമാക്കി. അതേ സമയം ആന്‍ഡേഴ്സണും ബ്രോഡും ടീമിലുണ്ടെങ്കില്‍ തന്റെ റോള്‍ വ്യത്യസ്തമാവും അതിനാല്‍ തന്നെ തനിക്ക് ഏത് റോളിലും ഗുണകരമാകുവാന്‍ കഴിയുമെന്നതാണ് പ്രത്യേകതയെന്നും വോക്സ് വ്യക്തമാക്കി.

Advertisement