ലോ സ്കോറിംഗ് മത്സരത്തില്‍ 9 റണ്‍സ് ജയം നേടി ആര്‍വി ചലഞ്ചേഴ്സ്, വിജയം ഒരുക്കിയത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബിനോയ്

ബിലാഗോസിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 42 റണ്‍സ് മാത്രമാണ് നേടിയതെങ്കിലും എതിരാളികളെ 33 റണ്‍സിന് ഓള്‍ഔട്ട് ആക്കി 9 റണ്‍സിന്റെ വിജയം പിടിച്ചെടുത്ത് ആര്‍വി ചലഞ്ചേഴ്സ്. ഇന്ന് നടന്ന മത്സരത്തില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സ് മാത്രമാണ് ആര്‍വി ചലഞ്ചേഴ്സ് ആദ്യം ബാറ്റ് ചെയ്ത് നേടിയത്. അജയ് സജിന്‍(11),ബിനോയ്(7) എന്നിവരാണ് ടീമിലെ പ്രധാന സ്കോറര്‍മാരായത്. ബിലാഗോസിന് വേണ്ടി ഷജീര്‍ മൂന്ന് വിക്കറ്റ് നേടി.

ചെറിയ ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ ബിലാഗോസിന് ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നീട് താളം കണ്ടെത്താനാകാതെ ആടിയുലഞ്ഞ ബിലാഗോസ് ബാറ്റിംഗ് നിര അവസാന പന്തില്‍ 33 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. ഷജീര്‍ 9 റണ്‍സും ജാഫര്‍ സിദ്ധിക്ക് 7 റണ്‍സും നേടിയെങ്കിലും മറ്റു താരങ്ങള്‍ക്ക് കാര്യമായ പ്രകടനം പുറത്തെടുക്കാനാകാതെ പോയപ്പോള്‍ ബിലാഗോസ് മത്സരം കൈവിട്ടു.

അഞ്ച് വിക്കറ്റ് നേടിയ ബിനോയ് ആണ് ആര്‍വി ചലഞ്ചേഴ്സിന്റെ വിജയം സാധ്യമാക്കിയത്. വെറും 3 റണ്‍സാണ് താരം വിട്ട് നല്‍കിയത്. വിഷ്ണു പ്രസാദ് 2 വിക്കറ്റും നേടി.