സരണ്‍ ചന്ദിന്റെ വെടിക്കെട്ട് പ്രകടനത്തിന് ശേഷം തകര്‍ന്നുവെങ്കിലും രണ്ട് വിക്കറ്റ് ജയം കൈവശപ്പെടുത്തി പ്രോപ്മിക്സ്

ടോപ് ഓര്‍ഡറില്‍ 14 പന്തില്‍ നിന്ന് 30 റണ്‍സ് നേടിയ സരണ്‍ ചന്ദ് പുറത്തായ ശേഷം തുടരെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും എആര്‍എസ് പിഞ്ച് ഹിറ്റേഴ്സിനെതിരെ 2 വിക്കറ്റ് വിജയം സ്വന്തമാക്കി പ്രോപ്മിക്സ്. 2.5 ഓവറില്‍ 35 റണ്‍സ് നേടി ഒന്നാം വിക്കറ്റായി സരണ്‍ പുറത്തായ ശേഷം വിക്കറ്റുകുമായി എആര്‍എസ് പിഞ്ച് ഹിറ്റേഴ്സ് പ്രതീക്ഷ പുലര്‍ത്തിയെങ്കിലും ടീം എറിഞ്ഞ എക്സ്ട്രാസ് തിരിച്ചടിയായി. 11 റണ്‍സാണ് പിഞ്ച് ഹിറ്റേഴ്സ് എക്സ്ട്രാസ് ആയി എറിഞ്ഞത്. അതേ സമയം പ്രോപ്മിക്സ് ബാറ്റിംഗില്‍ മറ്റാരും തന്നെ അഞ്ച് റണ്‍സിന് മേലെ സ്കോര്‍ ചെയ്തിരുന്നില്ല. അവസാന ഓവറില്‍ ജയിക്കുവാന്‍ 6 റണ്‍സ് നേടേണ്ടിയിരുന്നപ്പോളും ഓവറില്‍ രണ്ട് വൈഡ് പിഞ്ച് ഹിറ്റേഴ്സ് എറിഞ്ഞിരുന്നു. പിഞ്ച് ഹിറ്റേഴ്സിന് വേണ്ടി അബ്ദുള്‍ റഹീം 3 വിക്കറ്റ് നേടിയപ്പോള്‍ അരുണ്‍ കരുണ്‍ 2 വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പിഞ്ച് ഹിറ്റേഴ്സിന് വേണ്ടി സിറില്‍ സാജു(15), അബ്ദുള്‍ റഹീം(16) എന്നിവര്‍ ആണ് മികച്ച പ്രകടനം പുറത്തെടുത്തത്. ഹരികൃഷ്ണന്‍(8), ശ്രീരാഗ്(8) എന്നിവരും ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു. പ്രോപ്മിക്സിന് വേണ്ടി അരവിന്ദ് ബാബു, ബെഞ്ചമിന്‍ ജോയ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. 7 വിക്കറ്റ് നഷ്ടത്തില്‍ 8 ഓവറില്‍ നിന്ന് 61 റണ്‍സാണ് പിഞ്ച് ഹിറ്റേഴ്സ് നേടിയത്. ലക്ഷ്യം അവസാന പന്തിലാണ് പ്രോപ്മിക്സ് മറികടന്നത്.