പ്രൊചാന്റ് ഡോമിനേറ്റേഴ്സിന് മികച്ച വിജയം

Sports Correspondent

40 റണ്‍സിന്റെ ആധികാരിക വിജയവുമായി ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ പ്രൊചാന്റ് ഡോമിനേറ്റേഴ്സ്. ബൈറ്റ്‍വേവ് ഡിജിറ്റല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 76/3 എന്ന സ്കോര്‍ നേടിയ ടീം എതിരാളികളെ വെറും 36 റണ്‍സിന് ഓള്‍ഔട്ട് ആക്കിയാണ് വലിയ വിജയം നേടിയത്. 6 ബൈറ്റ്‍വേവ് താരങ്ങളെ പൂജ്യത്തിന് പുറത്താക്കിയാണ് പ്രൊചാന്റിന്റെ തകര്‍പ്പന്‍ വിജയം. രണ്ട് വീതം വിക്കറ്റുമായി അനന്ദു, ശ്രീജിത്ത്, റോഗിന്‍ റോക്കി എന്നിവര്‍ പ്രൊചാന്റിന് വേണ്ടി ബൗളിംഗില്‍ തിളങ്ങിയപ്പോള്‍ 13 റണ്‍സമായി വാലറ്റത്തില്‍ പുറത്താകാതെ നിന്ന അഭിനന്ദ് ആണ് ബൈറ്റ്‍വേവിനെ 36 റണ്‍സിലേക്ക് എത്തുവാന്‍ സഹായിച്ചത്.

ആദ്യം ബാറ്റ് ചെയ്ത പ്രൊചാന്റിന് വേണ്ടി 18 റണ്‍സ് നേടി പുറത്താകാതെ നിന്ന ഉണ്ണികൃഷ്ണനാണ് ടോപ് സ്കോറര്‍. ശ്രീജിത്ത് പുറത്താകാതെ 13 റണ്‍സ് നേടിയപ്പോള്‍ രഞ്ജിത്ത്(17), വിജീഷ് മോഹന്‍‍(12), പ്രശാന്ത് ചന്ദ്രന്‍(10) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ബൈറ്റ്‍വേവിനായി അനന്ദു രവി രണ്ട് വിക്കറ്റ് നേടി.