ബംഗ്ലാദേശിന് വേണ്ടി സിംബാബ്‍വേയ്ക്കെതിരെ ശക്തമായ തിരിച്ചുവരവിന് കാരണക്കാരായത് ലിറ്റൺ ദാസും മഹമ്മുദുള്ളയുമാണെങ്കിലും 9ാം വിക്കറ്റിൽ മഹമ്മുദുള്ളയ്ക്ക് കൂട്ടായി എത്തിയ ടാസ്കിന്‍ അഹമ്മദിന്റെ പ്രകടനവും ഏറെ നിര്‍ണ്ണായകമായിരുന്നു. 75 റൺസ് നേടിയ താരം 191 റൺസാണ് 9ാം വിക്കറ്റിൽ മഹമ്മുദുള്ളയുമായി നേടിയത്.
ബംഗ്ലാദേസിനെ ശക്തമായ നിലയിലേക്ക് എത്തിക്കുവാന്‍ ഈ കൂട്ടുകെട്ടിന് സാധിച്ചിരുന്നു. തന്റെ ബാറ്റിംഗ് മെച്ചപ്പെടുവാന്‍ പ്രധാന കാരണം ഫീൽഡിംഗ് കോച്ച് റയാന്‍ കുക്ക് ആണെന്നും ടാസ്കിന്‍ അഹമ്മദ് പറഞ്ഞു. തന്നെ മഹമ്മുദുള്ള ഇന്നിംഗ്സിന്റെ പല ഘട്ടത്തിലും സഹായിച്ചുവെന്നും ലൂസ് ഷോട്ടുകള്‍ കളിക്കരുതെന്ന് നിരന്തരം ഓര്‍മ്മിപ്പിച്ചുവെന്നും ടാസ്കിന്‍ അഹമ്മദ് വ്യക്തമാക്കി.
സ്ട്രെയിറ്റ് ബാറ്റ് കൊണ്ട് കളിക്കണമെന്ന് മഹമ്മുദുള്ള തന്നെ ഓര്‍മ്മിപ്പിച്ചിരുന്നുവെന്നും ടാസ്കിന്‍ സൂചിപ്പിച്ചു. ബംഗ്ലാദേശിന് പുതിയ ബാറ്റിംഗ് കോച്ചുണ്ടെങ്കിലും തനിക്ക് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ സമയം ലഭിച്ചില്ലെന്നും അതേ സമയം തന്നെ റയാന്‍ കുക്കാണ് കൂടുതൽ സമയം ബാറ്റിംഗ് പരിശീലിപ്പിക്കുവാന്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്നും ടാസ്കിന്‍ കൂട്ടിചേര്‍ത്തു.
തന്നോട് കൂടുതൽ ബാറ്റിംഗ് സ്പൈക്കുകള്‍ വാങ്ങുവാനും അദ്ദേഹം ആവസ്യപ്പെട്ടുവെന്നും ബാറ്റിംഗ് ഷൂസ് ഉപയോഗിച്ച് താന്‍ ആദ്യമായി ബാറ്റ് ചെയ്തതും ഈ ഇന്നിംഗ്സിലാണെന്നും ടാസ്കിന്‍ പറഞ്ഞു. റയാന്‍ കുക്ക് വാലറ്റക്കാരോടും ബൗളര്‍മാരോടും കൂടുതൽ സമയം ബാറ്റിംഗ് പരിശീലനം നടത്തുവാന്‍ ആവശ്യപ്പെടാറുണ്ടെന്നും തന്റെ പ്രഛോദനവും അദ്ദേഹമാണെന്നും അതിന് അദ്ദേഹത്തോട് നന്ദിയുണ്ടെന്നും ടാസ്കിന്‍ അറിയിച്ചു.