ധാക്ക പ്രീമിയര്‍ ലീഗിൽ നിന്ന് പിന്മാറി തമീം ഇക്ബാലും ഷാക്കിബ് അല്‍ ഹസനും

ധാക്ക പ്രീമിയര്‍ ലീഗിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ച് തമീം ഇക്ബാലും ഷാക്കിബ് അല്‍ ഹസനും. തമീം തന്റെ മുട്ടിനേറ്റ പരിക്കിന്റെ റീഹാബ് നടപടികളുമായാണ് ടൂര്‍ണ്ണമെന്റിൽ നിന്ന് പിന്മാറുന്നതെങ്കിൽ ഷാക്കിബ് അമേരിക്കയിലുള്ള തന്റെ കുടുംബത്തോടൊപ്പം ചേരുവാനാണ് ടൂര്‍ണ്ണമെന്റ് മതിയാക്കുന്നത്.

പ്രൈം ബാങ്ക് ക്രിക്കറ്റ് ക്ലബിന് വേണ്ടിയാണ് തമീം ഇക്ബാല്‍ ധാക്ക് പ്രീമിയര്‍ ലീഗിൽ കളിക്കുന്നത്. സിംബാബ്‍വേയ്ക്കെതിരെയുള്ള പരമ്പരയ്ക്ക് മുമ്പ് പൂര്‍ണ്ണമായി ഫിറ്റ് ആകുന്നതിന് വേണ്ടിയാണ് താരം ഈ തീരുമാനം കൈക്കൊണ്ടതെന്നാണ് പറയുന്നത്.

വിക്കറ്റുകള്‍ക്കിടയിൽ ഓടുമ്പോള്‍ കാലിന് കുറച്ച് ദിവസമായി വേദനയുണ്ടെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് മെഡിക്കൽ സ്റ്റാഫുമായി കൂടിയാലോചിച്ച ശേഷമാണ് തന്റെ ഈ തീരുമാനം എന്നും തമീം വ്യക്തമാക്കി. അതേ സമയം ഷാക്കിബ് തനിക്ക് നേരിടേണ്ടി വന്ന മൂന്ന് മത്സരങ്ങളുടെ വിലക്കിന് ശേഷം മുഹമ്മദന്‍ സ്പോര്‍ട്ടിംഗിന് വേണ്ടി കഴിഞ്ഞ മത്സരം കളിച്ചിരുന്നു.

എന്നാൽ ടൂര്‍ണ്ണമെന്റിന്റെ രണ്ടാം ഘട്ടത്തിന് താനുണ്ടാകില്ലെന്നും ജൂൺ 18ന് താന്‍ അമേരിക്കയിലുള്ള തന്റെ കുടുംബത്തോടൊപ്പം ചേരുവാനൊരുങ്ങുകയാണെന്നാണ് ഷാക്കിബ് പറഞ്ഞത്. സിംബാബ്‍വേയിൽ ടീമിനൊപ്പം താരം അമേരിക്കയിൽ നിന്ന് നേരിട്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.