വിശ്രമം അനിവാര്യം, ആവശ്യവുമായി ബംഗ്ലാദേശ് സീനിയര്‍ താരം

ബംഗ്ലാദേശിന്റെ ഹോം സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് തനിക്ക് വിശ്രമം ഏറെ ആവശ്യമാണെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് സീനിയര്‍ താരവും ശ്രീലങ്കയില്‍ ടീമിനെ നയിക്കുകയും ചെയ്ത തമീം ഇ്ക്ബാല്‍. അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റിലും അതിന് ശേഷം നടക്കുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ നിന്നും തനിക്ക് വിശ്രമം നല്‍കണമെന്നുമാണ് ബംഗ്ലാദേശ് ബോര്‍ഡിനോട് തമീം ഇക്ബാല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സെപ്റ്റംബര്‍ 13 മുതല്‍ 24 വരെയാണ് ബംഗ്ലാദേശില്‍ സിംബാബ്‍വേയും അഫ്ഗാനിസ്ഥാനും നടക്കുന്ന ത്രിരാഷ്ട്ര ടി2 പരമ്പര. എന്നാല്‍ അതിന് മുമ്പ് ചിറ്റഗോംഗില്‍ സെപ്റ്റംബര്‍ 5 മുതല്‍ 9 വരെ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെതിരെ ഒരു ടെസ്റ്റ് മത്സരം കളിയ്ക്കുന്നുണ്ട്. ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്ന് വെറും 21 റണ്‍സാണ് മൂന്ന് ഏകദിനങ്ങളില്‍ നിന്ന് താരം നേടിയത്. ലോകകപ്പിലാകട്ടെ എട്ട് ഇന്നിംഗ്സുകളില്‍ നിന്ന് 235 റണ്‍സാണ് തമീം നേടിയത്. ഒരു അര്‍ദ്ധ ശതകമാണ് താരം ടൂര്‍ണ്ണമെന്റില്‍ നിന്ന് നേടിയത്.

കുറച്ച് നാളായി മോശം ഫോമിലൂടെ കടന്ന് പോകുകയാണ് ടീമിന്റെ ഓപ്പണര്‍ തമീം ഇക്ബാല്‍. ആവശ്യം കത്ത് മുഖാന്തരമാണ് തമീം ബോര്‍ഡിനെ അറിയിച്ചിരിക്കുന്നതെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍ ചെയര്‍മാന്‍ അക്രം ഖാന്‍ സ്ഥിതീകരിച്ചിട്ടുണ്ട്. ഈദ് അവധിയ്ക്ക് ശേഷമാകും വിഷയത്തില്‍ തീരുമാനം ഉണ്ടാകുക എന്നാണ് അറിയുവാന്‍ കഴിയുന്നത്.