മികച്ച തുടക്കം കൈവിട്ടത് നിരാശാജനകം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂസിലാണ്ടിനെതിരെ മികച്ച തുടക്കത്തിനു ശേഷം ടീം തകര്‍ന്നത് വളരെ നിരാശാജനകമായ കാര്യമെന്ന് പറഞ്ഞ് തമീം ഇക്ബാല്‍. 121/1 എന്ന മികച്ച നിലയില്‍ ഹാമിള്‍ട്ടണ്‍ ടെസ്റ്റിന്റെ ആദ്യം ദിവസം ഉച്ച ഭക്ഷണത്തോടടുത്ത് നിലകൊണ്ടിരുന്ന ബംഗ്ലാദേശ് പിന്നീട് 234 റണ്‍സിനു ഓള്‍ഔട്ട് ആവുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. തമീം ഇക്ബാല്‍ 128 പന്തില്‍ നിന്ന് 126 റണ്‍സ് നേടിയെങ്കിലും മറ്റു താരങ്ങള്‍ക്ക് തിളങ്ങാനാകാതെ പോയത് ബംഗ്ലാദേശിനു തിരിച്ചടിയായി.

ദിവസം മുഴുവന്‍ ബാറ്റ് ചെയ്യുക എന്നതായിരുന്നു ബംഗ്ലാദേശ് ചെയ്യേണ്ടിയിരുന്നതെന്ന് തമീം പറയുകയായിരുന്നു. വിക്കറ്റ് ഇനിയങ്ങോട്ട് ബാറ്റിംഗിനു എളുപ്പമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനാല്‍ തന്നെ ടീം 234 റണ്‍സിനു പുറത്തായത് തിരിച്ചടിയാണ്. 350-400 റണ്‍സ് വരെ നേടേണ്ടതായിരുന്നു ഏറ്റവും പ്രധാനമെന്നും തമീം പറഞ്ഞു.

ശതകം നേടിയ താന്‍ പോലും ടീമിന്റെ അവസ്ഥയില്‍ ദുഖിതനായിരുന്നുവെന്നാണ് തമീം ഇക്ബാല്‍ പറഞ്ഞത്. ന്യൂസിലാണ്ട് മികച്ച രീതിയി‍ല്‍ പല ഘട്ടങ്ങളായാണ് പന്തെറിഞ്ഞത്. അതിനാല്‍ തന്നെ ബംഗ്ലാദേശിനു നിലയുറപ്പിക്കുവാന്‍ അവസരമുണ്ടായിരുന്നുവെങ്കിലും ടീമിനു അത് മുതലാക്കാനായില്ലെന്നും തമീം പറഞ്ഞു.