ടി20 അവസരം ലഭിച്ചത് പ്രതീക്ഷിക്കാത്ത സമയത്ത്, സിക്സടിച്ച് വിജയം ഉറപ്പാക്കിയപ്പോള്‍ താന്‍ തന്നെ അത്ഭുതപ്പെട്ടുപോയി

- Advertisement -

ടി20യില്‍ തനിക്ക് അവസരം ലഭിച്ചത് താന്‍ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണെന്നും പറഞ്ഞു ദക്ഷിണാഫ്രിക്കന്‍ താരം ടെംബ ബാവുമ. ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡി കോക്കിനൊപ്പം നിര്‍ണ്ണായകമായ 64 റണ്‍സ് കൂട്ടുകെട്ട് നേടി സിക്സറിലൂടെ ദക്ഷിണാഫ്രിക്കയുടെ വിജയം ഉറപ്പാക്കിയ ടെംബ ബാവുമ ഇന്ന് 23 പന്തില്‍ നിന്ന് 27 റണ്‍സാണ് നേടിയത്. സെലക്ടര്‍മാരും കോച്ചും തന്നില്‍ അര്‍പ്പിച്ച് വിശ്വാസം കാത്ത് സൂക്ഷിക്കാനായതില്‍ സന്തോഷമുണ്ടെന്നും ബാവുമ പറഞ്ഞു. തന്റെ അരങ്ങേറ്റ മത്സരത്തില്‍ അര്‍ദ്ധ ശതകത്തിന് ഒരു റണ്‍സ് അകലെ വെച്ചാണ് ബാവുമ പുറത്തായത്.

തനിക്ക് ക്രിസ് ഗെയിലിനെപ്പോലെ കരുത്തില്ലാത്തതിനാല്‍ സിംഗിളുകളും ഡബിളും നേടി റണ്‍സ് കണ്ടെത്തുകയാണ് തന്റെ ശൈലിയെന്നും സിക്സര്‍ നേടി ദക്ഷിണാഫ്രിക്കന്‍ വിജയം ഉറപ്പാക്കിയപ്പോള്‍ താന്‍ തന്നെ അത്ഭുതപ്പെട്ട് പോയെന്നും ബാവുമ പറഞ്ഞു. ഈ യുവനിരയില്‍ ഏറെ ആത്മവിശ്വാസമുണ്ടെന്നും രണ്ടാം ടി20 കൈവിട്ട ശേഷം പരമ്പര സമനിലയിലാക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അതിന് ടീമിന് സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ടെംബ ബാവുമ പറഞ്ഞു.

ഈ വിജയത്തിന്റെ ആവേശം ടെസ്റ്റ് പരമ്പരയിലേക്കും കൊണ്ടുപോകുവാന്‍ ടീമിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം പറഞ്ഞു.

Advertisement