പടുകൂറ്റന്‍ വിജയങ്ങള്‍ക്ക് ശേഷം സിന്ധീസിനെതിരെ കടന്ന് കൂടി നോര്‍ത്തേണ്‍ വാരിയേഴ്സ്. 91 റണ്‍സിനു സിന്ധീസിനെ നിയന്ത്രിച്ച ശേഷം വെടിക്കെട്ട് താരങ്ങളടങ്ങിയ വാരിയേഴ്സ് നിര ആവേശകരമായ മത്സരത്തിനു ശേഷം അവസാന പന്തിലാണ് ഒരു വിക്കറ്റിന്റെ ജയം സ്വന്തമാക്കുന്നത്. നിക്കോളസ് പൂരനും ആന്‍ഡ്രേ റസ്സലും അടങ്ങിയ വെടിക്കെട്ട് താരങ്ങള്‍ക്ക് പിഴച്ചപ്പോള്‍ ടീമിന്റെ ടോപ് സ്കോററായത് പുരന്(17) ആയിരുന്നു. ഡാരെന്‍ സാമി, ലെന്‍ഡല്‍ സിമ്മണ്‍സ്, രവി ബൊപ്പാര എന്നിവര്‍ 14 വീതം റണ്‍സ് നേടിയപ്പോള്‍ അവസാന ഓവറില്‍ ടീമിനു ജയിക്കുവാന്‍ 8 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്.
ആദ്യ പന്തില്‍ ഇസ്രു ഉഡാന രണ്ട് വൈഡ് റണ്ണുകള്‍ വഴങ്ങിയെങ്കിലും തൊട്ടടുത്ത പന്തില്‍ ക്രിസ് ഗ്രീനിനെ(8) പുറത്താക്കുവാന്‍ താരത്തിനു സാധിച്ചു. മൂന്നാം പന്തില്‍ വഹാബ് റിയാസ്(7) റണ്ണൗട്ട് രൂപത്തില്‍ പുറത്തായെങ്കിലും ഇമ്രാന് ഹൈദര്‍ തൊട്ടടുത്ത പന്തില്‍ ബൗണ്ടറി നേടി ലക്ഷ്യം 2 പന്തില്‍ 1 റണ്‍സാക്കി മാറ്റി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ഹൈദറിനെയും ഉഡാന പുറത്താക്കിയപ്പോള്‍ ഒരു പന്തില്‍ ഒരു റണ്‍സായി വാരിയേഴ്സിന്റെ ലക്ഷ്യം മാറി. അവസാന പന്തില്‍ ബൈ ഓടി ടീം ജയം ഉറപ്പിക്കുകയായിരുന്നു. സിന്ധീസിനായി ബെന്‍ കട്ടിംഗും ഇസ്രു ഉഡാനയും രണ്ട് വീതം വിക്കറ്റ് നേടി. ജോഫ്ര ആര്‍ച്ചര്‍ക്കും രണ്ട് വിക്കറ്റ് ലഭിച്ചു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിന്ധീസിനു വേണ്ടി നായകന് ഷെയിന്‍ വാട്സണ് 28 പന്തില്‍ 50 റണ്‍സ് നേടിയെങ്കിലും മറ്റു താരങ്ങള്‍ക്കാര്‍ക്കും വേണ്ടത്ര മികവ് കണ്ടെത്താനായിരുന്നില്ല. 6 വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സാണ് ടീമിനു നേടാനായത്. വാരിയേഴ്സിനു വേണ്ടി ആന്‍ഡ്രേ റസ്സല്‍, ഹാരി ഗുര്‍ണേ, ഹാര്‍ദസ് വില്‍ജോയന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.