ഓസ്ട്രേലിയയില്‍ വിജയിക്കണമെങ്കില്‍ കോഹ്‍ലി മാത്രം വിചാരിച്ചാല്‍ പോര: ആഡം ഗില്‍ക്രിസ്റ്റ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയയില്‍ ചരിത്ര വിജയം കുറിയ്ക്കുവാന്‍ വിരാട് കോഹ്‍ലി മാത്രം വിചാരിച്ചാല്‍ പോരെന്ന് അഭിപ്രായപ്പെട്ട് ആഡം ഗില്‍ക്രിസ്റ്റ്. ഡിസംബര്‍ ആറിനു അഡിലെയ്ഡില്‍ ആദ്യ ടെസ്റ്റ് ആരംഭിക്കുമ്പോള്‍ കഴിഞ്ഞ തവണ കോഹ്‍ലി മികവ് പുലര്‍ത്തിയിടത്താണ് ഇന്ത്യ പരമ്പര തുടക്കം കുറിയ്ക്കുന്നതെങ്കിലും അന്ന് രണ്ട് ഇന്നിംഗ്സിലും കോഹ്‍ലി ശതകം നേടിയിട്ടും ഇന്ത്യ പരാജയപ്പെടുകയായിരുന്നു.

കോഹ്‍ലി നാല് ടെസ്റ്റുകളില്‍ നിന്ന് 2014ല്‍ 694 റണ്‍സാണ് നേടിയത്. ഇത്തവണയും താരം ഏറെ ആത്മവിശ്വാസത്തോടെയാവും കളത്തിലിറങ്ങുകയെങ്കിലും ഓസീസ് പേസ് ബൗളിംഗ് നിരയ്ക്കെതിരെ ഇന്ത്യ വിജയിക്കണമെങ്കില്‍ മറ്റു താരങ്ങളും റണ്‍സ് കണ്ടെത്തേണ്ടതുണ്ടെന്ന് ഓസ്ട്രേലിയന്‍ കീപ്പിംഗ് ഇതിഹാസം അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ റണ്‍ കണ്ടെത്തിയാല്‍ മാത്രമേ ബൗളിംഗ് നിരയ്ക്ക് ഓസ്ട്രേലിയയെ രണ്ട് തവണ ഓള്‍ഔട്ട് ആക്കുവാന്‍ സാധിക്കുകയുള്ളു. ജയിക്കുക അത്ര എളുപ്പമല്ലെങ്കില്‍ ഇന്ത്യ തന്നെയാണ് ഇരു ടീമുകളിലും നിലവില്‍ മെച്ചമെന്നുള്ളതും ഗില്ലി തുറന്ന് സമ്മതിച്ചു. ഓസ്ട്രേലിയയെ അപേക്ഷിച്ച് ഇന്ത്യയുടെ ടീം കോമ്പിനേഷനാണ് കൂടുതല്‍ മെച്ചമെന്നാണ് താരം പറഞ്ഞത്.