വിദര്‍ഭയെക്കാള്‍ കൂടുതല്‍ റണ്‍സ് നേടിയെങ്കിലും വി ജയദേവന്‍ രീതിയില്‍ ഒരു റണ്‍സിന് തോല്‍വിയേറ്റ് വാങ്ങി രാജസ്ഥാന്‍

ദീപക് ചഹാറിന്റെ ഹാട്രിക്ക് നേട്ടത്തില്‍ വിദര്‍ഭയെ 99/9 എന്ന സ്കോറിന് ചെറുത്ത് നിര്‍ത്തിയ ശേഷം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് 13 ഓവറില്‍ നിന്ന് നേടിയെങ്കിലും രക്ഷയില്ലാതെ രാജസ്ഥാന്‍. മത്സരം മഴ മൂലം 13 ഓവറായി ചുരുക്കിയപ്പോള്‍ വി ജയദേവന്‍ രീതിയില്‍ 107 റണ്‍സായിരുന്നു രാജസ്ഥാന്‍ നേടേണ്ടിയിരുന്നത്. എന്നാല്‍ ടീമിന് ഒരു റണ്‍സിന്റെ തോല്‍വിയായിരുന്നു 13 ഓവറുകള്‍ക്ക് ശേഷം ഫലം.

ഓപ്പണര്‍ മനേന്ദര്‍ നരേന്ദര്‍ സിംഗ് 17 പന്തില്‍ നിന്ന് വെടിക്കെട്ട് പ്രകടനമായി 44 റണ്‍സ് നേടിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണയില്ലാതെ പോയത് രാജസ്ഥാന് തിരിച്ചടിയായി. 6 സിക്സുക്‍ അടങ്ങിയതായിരുന്നു മനേന്ദറിന്റെ ഇന്നിംഗ്സ്. വിദര്‍ഭയ്ക്കായി അക്ഷയ് വാഖാരെ മൂന്ന് വിക്കറ്റ് നേടി ബൗളിംഗില്‍ തിളങ്ങി.