സൂപ്പര്‍ ഓവറിൽ വിജയം, കര്‍ണ്ണാടക സെമിയിൽ

Manishpandey

ബംഗാളിനെതിരെ സൂപ്പര്‍ ഓവര്‍ വിജയവുമായി കര്‍ണ്ണാടക. 20 ഓവര്‍ പിന്നിട്ടപ്പോള്‍ ഇരു ടീമുകളും 160 വീതം റൺസിൽ നിന്നപ്പോള്‍ സൂപ്പര്‍ ഓവറിൽ കര്‍ണ്ണാടക വിജയം നേടി.

ബംഗാള്‍ ഇന്നിംഗ്സിലെ അവസാന പന്തിൽ ഡയറക്ട് ഹിറ്റിലൂടെ അകാശ് ദീപിനെ റണ്ണൗട്ടാക്കി മനീഷ് പാണ്ടേ ആണ് മത്സരം ടൈയിലേക്ക് നയിച്ചത്. സൂപ്പര്‍ ഓവറിൽ കെസി കരിയപ്പ വെറും നാല് റൺസ് വിട്ട് നല്‍കിയപ്പോള്‍ ബംഗാളിന് രണ്ട് വിക്കറ്റ് നാല് പന്തിൽ നഷ്ടമാകുകയായിരുന്നു.

6 റൺസെന്ന വിജയ ലക്ഷ്യം രണ്ട് പന്തിൽ ഒരു സിക്സര്‍ അടക്കം 8 റൺസ് നേടിയ മനീഷ് പാണ്ടേ നിഷ്പ്രയാസം മറികടക്കുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക കരുൺ നായര്‍(29 പന്തിൽ പുറത്താകാതെ 55 റൺസ്), രോഹന്‍ കദം(30), മനീഷ് പാണ്ടേ(29) എന്നിവരുടെ പ്രകടനത്തിന്റെ ബലത്തിൽ 160/5 എന്ന സ്കോര്‍ നേടുകയായിരുന്നു.

ബംഗാളിനായി വൃത്തിക് ചാറ്റര്‍ജ്ജി 51 റൺസും റിത്വിക് ചൗധരി 18 പന്തിൽ 36 റൺസും നേടിയെങ്കിലും അവസാന പന്തിലെ റണ്ണൗട്ട് ടീമിന് തിരിച്ചടിയായി.

അവസാന ഓവറിൽ വിജയത്തിനായി 20 റൺസ് നേടേണ്ടിയിരുന്ന ബംഗാളിന് വേണ്ടി ആദ്യ രണ്ട് പന്ത് സിക്സുകള്‍ പായിച്ച് റിത്വിക് മത്സരം ബംഗാളിന്റെ പക്ഷത്തേക്ക് തിരിക്കുമെന്നാണ് ഏവരും കരുതിയത്.

റിത്വിക് അടുത്ത പന്തിൽ സിംഗിള്‍ നേടിയപ്പോള്‍ നാലാം പന്തിൽ ബൗണ്ടറി നേടി അകാശ് ദീപ് രണ്ട് പന്തിൽ മൂന്നാക്കി ലക്ഷ്യം മാറ്റി. അടുത്ത പന്തിൽ ഓവര്‍ത്രോയിലൂടെ രണ്ട് റൺസ് നേടിയ ബംഗാള്‍ സ്കോര്‍ ഒപ്പമെത്തിച്ചുവെങ്കിലും മനീഷ് പാണ്ടേയുടെ ഡയറക്ട് ഹിറ്റ് മത്സരം ടൈ ആക്കുകയായിരുന്നു.

Previous articleമുഷ്ഫിക്കുറിനെ ടീമിലുള്‍പ്പെടുത്താത്തത് ടീം മാനേജ്മെന്റ് തീരുമാനം – മഹമ്മുദുള്ള
Next articleവമ്പന്‍ അട്ടിമറി!!! വിക്ടര്‍ അക്സല്‍സെന്നേ പരാജയപ്പെടുത്തി പ്രണോയ്