സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ ഫൈനലില്‍ തമിഴ്നാടിന് എതിരാളികളായി എത്തുന്നത് കര്‍ണ്ണാടക. ഇന്ന് വിദര്‍ഭയ്ക്കെതിരെ നടന്ന സെമി ഫൈനലില്‍ 4 റൺസ് വിജയം ആണ് കര്‍ണ്ണാടക നേടിയത്.
ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക 176/7 എന്ന സ്കോര്‍ നേടിയപ്പോള്‍ വിദര്‍ഭയ്ക്ക് 172 റൺസ് മാത്രമേ നേടാനായുള്ളു. രോഹന്‍ ദമം, മനീഷ് പാണ്ടേ എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ക്ക് ശേഷം കര്‍ണ്ണാടക തകരുകയായിരുന്നു.
132 റൺസ് ഒന്നാം വിക്കറ്റിൽ നേടിയ ഓപ്പണിംഗ് കൂട്ടുകെട്ടിൽ രോഹന്‍ 56 പന്തിൽ 87 റൺസും മനീഷ് പാണ്ടേ 42 പന്തിൽ 54 റൺസും നേടി. അഭിനവ് മനോഹര്‍ 13 പന്തിൽ 27 റൺസ് നേടിയത് ഒഴിച്ച് നിര്‍ത്തിയാൽ പിന്നീട് വന്ന കര്‍ണ്ണാടക താരങ്ങളിലാര്‍ക്കും 5ന് മേലെയുള്ള സ്കോര്‍ നേടാനായില്ല. വിദര്‍ഭയ്ക്കായി ദര്‍ശന്‍ നല്‍കണ്ടേ 4 വിക്കറ്റും ലളിത് എം യാദവ് 2 വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ വിദര്‍ഭ താരങ്ങളിലാര്‍ക്കും ലഭിച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാന്‍ കഴിയാതെ പോയതാണ് ടീമിന് തിരിച്ചടിയായത്. അവസാന ഓവറിൽ 14 റൺസായിരുന്നു ടീമിന് ജയിക്കുവാന്‍ നേടേണ്ടിയിരുന്നത്. എന്നാൽ അക്ഷയ് കാര്‍ണേവറുടെ(12 പന്തിൽ 22 റൺസ്) വിക്കറ്റ് ആദ്യ പന്തിൽ നഷ്ടമായത് ടീമിന്റെ പ്രതീക്ഷകള്‍ ഇല്ലാതാക്കി. അപൂര്‍വ വാങ്കഡേ 27 റൺസുമായി പുറത്താകാതെ നിന്നു.
അഥര്‍വ ടൈഡേ 32 റൺസും ഗണേഷ് സതീഷ് 31 റൺസും നേടിയപ്പോള്‍ ശുഭം ഡുബേ 24 റൺസും നേടി.