ആവേശകരമായ ആദ്യ പകുതി, അഞ്ചു ഗോളുകൾ, സുഹൈറിന് രണ്ട് അസിസ്റ്റ്

Img 20211120 202123

നോർത്ത് ഈസ്റ്റും ബെംഗളൂരു എഫ് സിയും തമ്മിലുള്ള ഐ എസ് എല്ലിലെ മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ മത്സരത്തിൽ 3-2ന് ബെംഗളൂരൂ മുന്നിൽ. ആവേശകരമായ മത്സരത്തിൽ മലയാളികൾ ആണ് ആദ്യ പകുതിയിൽ താരമായത്. മത്സരത്തിന്റെ 14ആം മിനുട്ടിൽ ക്ലെറ്റൻ സിൽവയിലൂടെ ബെംഗളൂരു എഫ് സിയാണ് ലീഡ് എടുത്തത്. ഈ ഗോളിന് 17ആം മിനുട്ടിൽ ബ്രൗണിലൂടെ നോർത്ത് ഈസ്റ്റ് മറുപടി നൽകി. മലയാളി താരം വി പി സുഹൈറിന്റെ പാസിൽ നിന്നായിരുന്നു ഈ ഗോൾ വന്നത്. സ്കോർ 1-1

അഞ്ച് മിനുട്ടുകൾക്ക് അകം ബെംഗളൂരു ലീഡ് തിരികെയെടുത്തു. ഇടതു വിങ്ങിൽ നിന്ന് ആശിഖ് കുരുണിയൻ തൊടുത്ത ഒരു കേർവിങ് ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. അതിന്റെ റീബൗണ്ട് ഗോൾകീപ്പർ സേവ് ചെയ്തു എങ്കിലും പെനാൾട്ടി ബോക്സിൽ നിന്ന് ക്ലിയർ ചെയ്യാൻ ശ്രമിച്ച മഷൂറിന് പിഴച്ചു. മഷൂറിന്റെ ഷോട്ട് സ്വന്തം വലയിൽ തന്നെ എത്തി. സ്കോർ 2-1

ഈ ഗോളിനും പെട്ടെന്ന് മറുപടി നൽകാൻ നോർത്ത് ഈസ്റ്റിനായി. ഇത്തവണയും സുഹൈർ തന്നെ ഗോൾ ഒരുക്കിയത്. ഇടതു വിങ്ങിലൂടെ മുന്നേറി സുഹൈർ നൽകിയ ക്രോസ് കൗറർ വലയിൽ എത്തിച്ചു. സ്കോർ 2-2. 41ആം മിനുട്ടിൽ വീണ്ടും ബെംഗളൂരു എഫ് സി ലീഡ് എടുത്തു. ഇത്തവണ ജയേഷ് റാണെ ആണ് പന്ത് ലക്ഷ്യത്തിൽ എത്തിച്ചത്.

Previous articleചൈനീസ് വനിത ടെന്നീസ് താരത്തിന്റെ തിരോധാനം, വമ്പൻ പ്രതിഷേധം ഉയർത്തി ടെന്നീസ് ലോകം
Next articleവിദര്‍ഭയ്ക്കെതിരെ നാല് റൺസ് വിജയം, കര്‍ണ്ണാടക ഫൈനലില്‍