സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ പ്രീ ക്വാര്‍ട്ടറിൽ കേരളത്തിനെതിരെ 145 റൺസ് നേടി ഹിമാച്ചൽ പ്രദേശ്. ഇന്ന് ടോസ് നേടിയ കേരളം ഹിമാച്ചലിനോട് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഓപ്പണര്‍ രാഘവ് ധവാന്റെ അര്‍ദ്ധ ശതകമാണ് ഹിമാച്ചലിനെ 6 വിക്കറ്റ് നഷ്ടത്തിൽ ഈ സ്കോറിലേക്ക് നയിച്ചത്.
ആദ്യ ഓവറിൽ തന്നെ അന്‍കുഷ് ബൈന്‍സിനെ പുറത്താക്കി മനു കൃഷ്ണന്‍ കേരളത്തിന് മേൽക്കൈ നേടി കൊടുത്തു. പിന്നീട് 45 റൺസ് കൂട്ടുകെട്ടുമായി രാഘവ് ധവാനും പിഎസ് ചോപ്രയും ഹിമാച്ചലിനെ മുന്നോട്ട് നയിച്ചുവെങ്കിലും 36 റൺസ് നേടിയ ചോപ്രയെ അഖിൽ പുറത്താക്കി കൂട്ടുകെട്ട് കേരളം തകര്‍ത്തു.
ഒരു വശത്ത് വിക്കറ്റ് വീഴുമ്പോളും അര്‍ദ്ധ ശതകം നേടിയ രാഘവ് ധവാന്റെ ഇന്നിംഗ്സ് ആണ് ഹിമാച്ചലിന്റെ സ്കോറിന് മാന്യത പകര്‍ന്നത്. 52 പന്തിൽ 65 റൺസ് നേടിയ രാഘവ് 19ാം ഓവറിലാണ് പുറത്തായത്. ദിഗ്‍വിജയ് രംഗി 17 റൺസുമായി പുറത്താകാതെ നിന്നു.
കേരളത്തിനായി മിഥുന്‍ എസ് രണ്ടും അഖിൽ, മനു കൃഷ്ണന്‍, ബേസിൽ തമ്പി, ജലജ് സക്സേന എന്നിവര്‍ ഓരോ വിക്കറ്റും നേടി.