അന്താരാഷ്ട്ര ക്രിക്കറ്റ് വേണ്ട, ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ഞെട്ടിക്കുന്ന തീരുമാനം, കോല്‍പക് കരാര്‍ വഴി യോര്‍ക്ക്ഷയറിലേക്ക്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അടുത്തിടെ കളിച്ച പാക്കിസ്ഥാന്‍, ശ്രീലങ്ക പരമ്പരകളില്‍ ബൗളിംഗ് മികവിലൂടെ ശ്രദ്ധ പിടിച്ച് പറ്റിയ ഡുവാന്നെ ഒളിവിയര്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി തുടര്‍ന്ന് കളിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ എത്തിചേര്‍ന്നിരിക്കുന്നു. 2017ല്‍ ബംഗ്ലാദേശ് പര്യടനത്തിനിടെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച താരത്തിനു വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ തന്റെ കരിയറിനു ഗുണകരമെന്ന് തോന്നുന്ന തീരുമാനമാണ് താന്‍ കൈകൊണ്ടതെന്നാണ് താരം നല്‍കുന്ന വിശദീകരണം.

പാക്കിസ്ഥാനെതിരെയും ശ്രീലങ്കയ്ക്കെതിരെയും വിക്കറ്റുകള്‍ യഥേഷ്ടം വീഴ്ത്തിയ താരത്തിനു എന്നാല്‍ അവസരം ലഭിച്ചത് ലുംഗിസാനി ഗിഡിയുടെയും വെറോണ്‍ ഫിലാന്‍ഡറുടെയും പരിക്കുകള്‍ മൂലമാണ്. മോണേ മോര്‍ക്കല്‍ വിരമിച്ച ശേഷവും കാഗിസോ റബാഡ, ഫിലാന്‍ഡര്‍, ലുംഗിസാനി ഗിഡി, ഡെയില്‍ സ്റ്റെയിന്‍ എന്നിവരടങ്ങുന്ന നിരയില്‍ സ്ഥിരം സാന്നിധ്യമായി മാറുവാന്‍ തനിക്ക് പലപ്പോഴും കഴിയാതെ വരികയും ആര്‍ക്കെങ്കിലും പരിക്ക് വരുമ്പോള്‍ മാത്രം അവസരം ലഭിക്കുന്നതും തനിക്ക് ഗുണകരമല്ലെന്ന കാരണത്താലാണ് താരം മൂന്ന് വര്‍ഷത്തെ കരാറില്‍ യോര്‍ക്ക്ഷയറിലേക്ക് നീങ്ങുന്നതെന്ന് താരം അറിയിച്ചു.

പണമല്ല കരിയറില്‍ ക്രിക്കറ്റ് കളിക്കുവാന്‍ കൂടുതല്‍ അവസരങ്ങളാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞ താരം ക്രിക്കറ്റ് സൗത്താഫ്രിക്ക ഉള്‍പ്പെടെ പലര്‍ക്കും തന്റെ തീരുമാനത്തോട് യോജിക്കാനാകില്ലെന്ന് അറിയാമെന്നും താരം പറഞ്ഞു.

ദക്ഷിണാഫ്രിക്കയില്‍ നിലകൊള്ളുന്ന ക്വാട്ട സംവിധാനം ഇത്തരത്തില്‍ പല താരങ്ങളെയും ദേശീയ ടീമില്‍ ലഭിയ്ക്കുന്ന അവസരം നഷ്ടമാകുന്നതിനാല്‍ കോല്‍പക് കരാര്‍ വഴി കൗണ്ടിയിലേക്ക് ചേക്കേറുവാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. നേരത്തെ മോണേ മോര്‍ക്കല്‍ സമാനമായ രീതിയില്‍ കോല്‍പക് കരാര്‍ ഏറ്റെടുക്കുമെന്ന നിലയിലേക്ക് തീരുമാനമെടുക്കുന്ന സ്ഥിതിയുണ്ടായ ശേഷം പിന്നീട് ദക്ഷിണാഫ്രിക്കന്‍ അധികൃതര്‍ താരത്തെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.

പാക്കിസ്ഥാനെ 3-0നു ദക്ഷിണാഫ്രിക്ക തകര്‍ത്തെറിഞ്ഞപ്പോള്‍ അന്ന് പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഡുവാന്നെ ആയിരുന്നു. താന്‍ കളിച്ച പത്ത് ടെസ്റ്റില്‍ നിന്ന് 48 വിക്കറ്റുകളാണ് ഈ 26 വയസ്സുകാരന്‍ താരം സ്വന്തമാക്കിയത്.