ചെറിയ പിഴവുകള്‍, വലിയ വില: സുരംഗ ലക്മല്‍

- Advertisement -

ഇംഗ്ലണ്ടിനെതിരെ വൈറ്റ് വാഷ് പരമ്പര തോല്‍വിയ്ക്ക് ശേഷം തങ്ങളുടെ തോല്‍വിയുടെ കാരണങ്ങള്‍ വ്യക്തമാക്കി ലങ്കന്‍ നായകന്‍ സുരംഗ ലക്മല്‍. ഇംഗ്ലണ്ടിനെതിരെ 42 റണ്‍സിനാണ് തോല്‍വിയെങ്കിലും അവസാന വിക്കറ്റില്‍ മലിന്‍ഡ പുഷ്പകുമാരയും(42)-സുരംഗ ലക്മലും(11) ചേര്‍ന്ന് 58 റണ്‍സ് നേടി പൊരുതി നോക്കിയ ശേഷമാണ് ലങ്ക അടിയറവ് പറഞ്ഞത്. ലക്മലിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയാണ് ജാക്ക് ലീഷ് ഇംഗ്ലണ്ടിന്റെ വിജയമാഘോഷിച്ചത്. നേരത്തെ കുശല്‍ മെന്‍ഡിസും റോഷെന്‍ സില്‍വയും ഇംഗ്ലണ്ടിനെ ഏറെ നേരം ബുദ്ധിമുട്ടിച്ചിരുന്നു.

ചെറിയ പിഴവുകള്‍ മത്സരത്തില്‍ സംഭവിച്ചതിനാലാണ് ടീമിനു വലിയ വില കൊടുക്കേണ്ടി വന്നതെന്നാണ് ലക്മല്‍ പറഞ്ഞത്. ആദ്യ ഇന്നിംഗ്സില്‍ ബെന്‍ സ്റ്റോക്സിനു രണ്ട് തവണ നോ ബോളില്‍ ലൈഫ് ലഭിച്ചതും. നാലാം ദിവസം കുശല്‍ മെന്‍ഡിസിന്റെ റണ്ണൗട്ടുമെല്ലാമാവും സുരംഗ ലക്മല്‍ പറഞ്ഞ ചെറിയ പിഴവുകള്‍.

താന്‍ പ്രതീക്ഷിച്ച പോലെ ഇരു ടീമുകളും ഒപ്പത്തിനൊപ്പം ടെസ്റ്റില്‍ പോരാടി എന്ന് പറഞ്ഞ ലക്മല്‍ ഈ പിഴവുകളില്‍ നിന്ന് ടീം പാഠം ഉള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. ടീമില്‍ ഏവരും മികച്ച ശ്രമങ്ങള്‍ തന്നെയാണ് പുറത്തെടുത്തതെന്നും ലങ്കന്‍ നായകന്‍ പറഞ്ഞു. ശ്രീലങ്കന്‍ നായകനായി സുരംഗ ലക്മലിന്റെ ആദ്യത്തെ തോല്‍വിയാണ് ഇത്.

Advertisement