കരീബിയന്‍ പര്യടനം കഴിയുന്നത് വരെ ഇന്ത്യന്‍ മാനേജര്‍ ടീമിനൊപ്പം തുടരും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ സുനില്‍ സുബ്രമണ്യത്തെ തിരിച്ച് വിളിക്കുവാനുള്ള തീരുമാനം വൈകിപ്പിച്ച് ബിസിസിഐ. ഇന്ത്യയുടെ കരീബിയന്‍ പര്യടനം തീരുന്നത് വരെ സുനില്‍ ടീമിനൊപ്പം തുടരുമെന്നാണ് ഏറ്റവും പുതിയ വിവരം. നേരത്തെ സുനിലിനെ പെരുമാറ്റദൂഷ്യത്തിന്റെ പേരില്‍ വിന്‍ഡീസ് ടൂറില്‍ നിന്ന് ഉടന്‍ തിരിച്ച് വിളിക്കുമെന്നും സുനില്‍ ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിയ്ക്ക് നേരിട്ടാവും വിശദീകരണം നല്‍കേണ്ടതെന്നുള്ള തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പുറത്ത് വന്നിരുന്നു.

കരീബിയന്‍ ദ്വീപുകളിലെ ഇന്ത്യയുടെ ഹൈ കമ്മീഷന്‍ ഉദ്യോഗസ്ഥരുമായി സഹകരിച്ച് ഇന്ത്യന്‍ താരങ്ങളെ വെച്ച് ജല സംരക്ഷണത്തിന് വേണ്ടിയുള്ള ഒരു പരസ്യ ചിത്രത്തിന് വേണ്ടുന്ന സഹായം സുനില്‍ ചെയ്ത് കൊടുത്തില്ലെന്നും ഹൈ കമ്മീഷന്‍ ഉദ്യോഗസ്ഥരോട് മോശം രീതിയില്‍ പെരുമാറിയെന്നുമായിരുന്നു സുനിലിനെതിരെയുള്ള ആരോപണങ്ങള്‍. ഇതിനെത്തുടര്‍ന്ന് ഉടനെ സുനിലിനെ ഇന്ത്യയിലേക്ക് വിളിക്കുമെന്നാണ് ആദ്യം പുറത്ത് വന്നതെങ്കിലും പിന്നീട് തീരുമാനം ബിസിസിഐ മാറ്റുകയായിരുന്നു.

സുനില്‍ വിനോദ് റായിയ്ക്ക് മാപ്പ് അപേക്ഷിച്ചുവെന്നും സുനിലിന് ഇത് ഇന്ത്യന്‍ സര്‍ക്കാരിന്റെ ആവശ്യമായിരുന്നുവെന്നും അറിയാത്തതിനാലാണ് ഈ ആവശ്യത്തോട് സഹകരിക്കാതിരുന്നതെന്നും അത് തന്നോട് വിശദീകരിച്ചതിനാല്‍ തിരിച്ച് വിളിക്കേണ്ടതില്ലെന്നുള്ള തീരുമാനം എടുക്കുകയായിരുന്നു എന്നാണ് സിഒഎ ചീഫ് വിനോദ് റായി അറിയിച്ചത്.

ഉറക്കം ശരിയാകാത്തതും സമ്മര്‍ദ്ദവും എല്ലാം തന്റെ മോശം പെരുമാറ്റത്തിന് കാരണമായിയെന്നും സുനില്‍ വ്യക്തമാക്കി. മുന്‍ തമിഴ്നാട് ഓഫ് സ്പിന്നര്‍ അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ പദവിയിലേക്കായി അഭിമുഖത്തിന് തയ്യാറായി നില്‍ക്കുന്ന സമയത്താണ് ഈ വിവാദം. ഇതിനാല്‍ തന്നെ ഇനി അദ്ദേഹത്തിനൊരു അവസരം ലഭിയ്ക്കുമോ എന്നത് സംശയത്തിലാണ്.