രാജ്യത്തെ സേവിക്കാൻ വീണ്ടും അവസരം നൽകിയതിന് നന്ദി പറഞ്ഞ് സുനിൽ ജോഷി

തനിക്ക് വീണ്ടും സ്വന്തം രാജ്യത്തെ സേവിക്കാൻ അവസരം നൽകിയതിന് ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിക്ക് നന്ദി പറഞ്ഞ് പുതുതായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലെക്ടറായ സുനിൽ ജോഷി. കഴിഞ്ഞ ദിവസമാണ് മദൻ ലാൽ, ആർ.പി സിങ് സുലക്ഷണ നായിക് എന്നിവർ അടങ്ങിയ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി സുനിൽ ജോഷിയെ ഇന്ത്യയുടെ ചീഫ് സെലക്ടർ തിരഞ്ഞെടുത്തത്.

തന്റെ രാജ്യത്തെ വീണ്ടും സേവിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനം ഉണ്ടെന്നും തന്നെ മുഖ്യ സെലക്ടറായി തിരഞ്ഞെടുത്ത ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി അംഗങ്ങളായ മദൻ ലാൽ, ആർ.പി സിംഗ്, സുലക്ഷണ നായിക് എന്നിവരോട് തനിക്ക് നന്ദിയുണ്ടെന്നും ജോഷി പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്ക് വേണ്ടിയാകും സുനിൽ ജോഷിയുടെ നേതൃത്വത്തിലുള്ള സെലക്ടർമാർ ആദ്യമായി ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുക. ഇന്ത്യക്ക് വേണ്ടി 16 ടെസ്റ്റ് മത്സരങ്ങളും 69 ഏകദിന മത്സരങ്ങളും കളിച്ച താരമാണ് സുനിൽ ജോഷി.