ഇന്ത്യക്ക് എതിരാളികൾ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്കയെ ആതിഥേയർ വീഴ്ത്തിയത് 5 റൺസിന്

ട്വി20 ലോകകപ്പിലെ ഇന്ത്യയുടെ എതിരാളികൾ തീരുമാനമായി. ഇന്ന് നടന്ന ആവേശകരമായ സെമി ഫൈനലിൽ 5 റൺസിനാണ് ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്. മഴ അലോസരപ്പെടുത്തിയ മത്സരത്തിൽ ഡക്വർത്ത് ലൂയിസ് നിയമപ്രകാരം ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം 13 ഓവറിൽ 98 റൺസ് എന്നാക്കിയിരുന്നു. ആ ലക്ഷ്യം പിന്തുടർന്ന് ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 92 റൺസ് എടുക്കാനെ ആയുള്ളൂ.

ഓസ്ട്രേലിയൻ ബൗളിംഗ് നിര മികച്ച രീതിലാണ് പന്തെറിഞ്ഞത്. മൂന്ന് ഓവറിൽ 17 റൺസ് മാത്രം വിട്ടു നൽകി 2 വിക്കറ്റ് എടുത്ത മേഗൻ ഷട്ട് ആണ് ബൗളിംഗ് ഏറ്റവും നന്നായി തിളങ്ങിയത്. ജെസ്, സോഫി, ഡെലിസ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ 134 റൺസ് ആയിരുന്നു എടുത്തത്. ഓസ്ട്രേലിയൻ നിരയിൽ പുറത്താകാതെ 49 റൺസ് എടുത്ത ലാന്നിങിനെ കളിയിലെ മികച്ച താരമായി പ്രഖ്യാപിച്ചു.

ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടും. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയിരുന്നു.