തീ പാറും തുടക്കം, അവസാന പന്തിൽ കീഴടങ്ങി അയര്‍ലണ്ട്

Sports Correspondent

Paulstirlingandrewbalbirnie

ഇന്ത്യ നേടിയ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ അയര്‍ലണ്ടിന്റെ മിന്നും തുടക്കം ലഭിച്ചുവെങ്കിലും ടീമിന്റെ ഇന്നിംഗ്സ് 221 റൺസിൽ അവസാനിച്ചപ്പോള്‍ 4 റൺസ് വിജയവുമായി ഇന്ത്യ കടന്ന് കൂടി. അവസാന ഓവറിൽ 17 റൺസ് ജയത്തിനായി വേണ്ടപ്പോള്‍ 12 റൺസ് മാത്രമേ അയര്‍ലണ്ടിന് നേടാനായുള്ളു.

ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാൽബിര്‍ണേയും പോള്‍ സ്റ്റിര്‍ലിംഗും അടിച്ച് തകര്‍ത്തപ്പോള്‍ 5.4 ഓവറിൽ 72 റൺസാണ് ആദ്യ വിക്കറ്റിൽ ടീം നേടിയത്. പോള്‍ സ്റ്റിര്‍ലിംഗ് 18 പന്തിൽ 40 റൺസ് നേടി ഇന്ത്യയ്ക്കെ വെല്ലുവിളിയുയര്‍ത്തിയെങ്കിലും രവി ബിഷ്ണോയി താരത്തെ പുറത്താക്കുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ ഗാരെത്ത് ഡെലാനി റണ്ണൗട്ടായപ്പോള്‍ 73/2 എന്ന നിലയിലേക്ക് അയര്‍ലണ്ട് വീണു.

37 പന്തിൽ 60 റൺസ് നേടിയ ആന്‍ഡ്രൂ ബാൽബിര്‍ണേയെയാണ് അയര്‍ലണ്ടിന് അടുത്തതായി നഷ്ടപ്പെട്ടത്. ഹാരി ടെക്ടറുമായി 44 റൺസ് മൂന്നാം വിക്കറ്റിൽ ബാൽബിര്‍ണേ നേടിയിരുന്നു.

Irelandindia

30 പന്തിൽ 62 റൺസ് വേണ്ട ഘട്ടത്തിൽ ഹാരി ടെക്ടറും ജോര്‍ജ്ജ് ഡോക്രെല്ലും ടീമിന്റെ പ്രതീക്ഷകളായി ക്രീസിലുണ്ടായിരുന്നു. 21 പന്തിൽ 47 റൺസാണ് അഞ്ചാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയത്. 28 പന്തിൽ 39 റൺസ് നേടി ഹാരി ടെക്ടറിനെ പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍ ആണ് ഇന്ത്യയ്ക്ക് ആശ്വാസമേകിയത്. അപ്പോളും അതിവേഗ സ്കോറിംഗുമായി ജോര്‍ജ്ജ് ഡ്രോക്രെൽ ക്രീസിലുണ്ടായിരുന്നു.

ഡോക്രെല്ലിന് പിന്തുണയുമായി മാര്‍ക്ക് അഡൈറും കൂറ്റനടികള്‍ അടിച്ചപ്പോള്‍ അവസാന ഓവറിൽ അയര്‍ലണ്ടിന് വിജയത്തിനായി 17 റൺസായിരുന്നു നേടേണ്ടിയിരുന്നത്. ഓവറിൽ നിന്ന് രണ്ട് ബൗണ്ടറിയടക്കം പിറന്നപ്പോള്‍ അവസാന പന്തിൽ 6 റൺസെന്ന നിലയിലേക്ക് മത്സരം നീങ്ങി.

ജോര്‍ജ്ജ് ഡോക്രെൽ പുറത്താകാതെ 16 പന്തിൽ 34 റൺസും മാര്‍ക്ക് അഡൈര്‍ 12 പന്തിൽ 23 റൺസും നേടിയാണ് ആതിഥേയര്‍ക്കായി പൊരുതിയത്.