ജെനോവ പ്രതിരോധ താരത്തെ ടീമിൽ എത്തിക്കാൻ യുവന്റസ്

ജെനോവയുടെ യുവതാരം ആന്ദ്രേ കാമ്പിയാസോയെ ടീമിൽ എത്തിക്കാൻ യുവന്റസ് ശ്രമം. ജെനോവ അവസാന സീസണിൽ സീരി ബിയിലേക്ക് തരംതാഴ്ന്നെങ്കിലും കാമ്പിയാസോയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെ ഇന്റർ മിലാൻ യുവന്റസ് തുടങ്ങിയ ടീമുകൾ ഇരുപത്തിരണ്ടുകാരനെ നോട്ടമിട്ടിരുന്നു.

സീരി എയിൽ അവസാന സീസണിലെ മികച്ച യുവതാരങ്ങളിൽ ഒരാളാണ് കാമ്പിയാസോ. ടീമിൽ എത്തിച്ച ശേഷം താരത്തെ ലോണിൽ അയക്കാനും യുവന്റസ് ശ്രമിച്ചേക്കും എന്നാണ് സൂചനകൾ. അറ്റലാന്റയിലേക്കാവും താരത്തെ അയക്കുക.ജെനോവ യൂത്ത് ടീം അംഗമായിരുന്ന കാമ്പിയാസോ വിവിധ ഡിവിഷനുകളിലെ ടീമുകൾക്ക് വേണ്ടി ലോണിൽ കളിച്ച ശേഷം അവസാന സീസണിൽ ആണ് ജെനോവയിലേക്ക് തിരിച്ചെത്തിയത്.ലീഗിൽ ഇരുപത്തിയാറ് മത്സരങ്ങളിൽ നിന്നും നാല് അസിസ്റ്റും ഒരു ഗോളും നേടാൻ ആയി.പരിക്ക് മൂലം സീസണിന്റെ അവസാന ഘട്ടത്തിൽ പുറത്തിരിക്കേണ്ടി വന്നിരുന്നു.