ടെസ്റ്റ് റാങ്കിങ്ങിൽ പൂജാരയെ മറികടന്ന് സ്റ്റീവ് സ്മിത്ത്

Staff Reporter

ആഷസ് ടെസ്റ്റിൽ വിരോചിത പ്രകടനം നടത്തി ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ച സ്റ്റീവ് സ്മിത്തിന് ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ സ്ഥാനക്കയറ്റം. മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ഇന്ത്യൻ താരം ചേതേശ്വർ പൂജാരയെ മറികടന്നാണ് സ്മിത്ത് മൂന്നാം സ്ഥാനം സ്വന്തമാക്കി. ആഷസ് ആദ്യ ടെസ്റ്റിൽ രണ്ടു ഇന്നിങ്സിലും സ്റ്റീവ് സ്മിത്ത് സെഞ്ചുറി നേടിയിരുന്നു. ആദ്യ ഇന്നിങ്സിൽ 144 റൺസും രണ്ടാം ഇന്നിങ്സിൽ 142 റൺസും സ്മിത്ത് നേടിയിരുന്നു. മത്സരത്തിൽ സ്മിത്തിന്റെയും നാഥൻ ലയണിന്റെയും പ്രകടനത്തിന്റെയും പിൻബലത്തിൽ ഓസ്ട്രേലിയ 251 റൺസിന് ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ജയിച്ചിരുന്നു.

റാങ്കിങ്ങിൽ ഇപ്പോഴും ഒന്നാം സ്ഥാനത്ത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി തന്നെയാണ്. രണ്ടാം സ്ഥാനത്ത് ന്യൂസിലാൻഡ് താരം കെയ്ൻ വില്യംസൺ ആണ് ഉള്ളത്. ഇന്ത്യൻ താരം പൂജാര ഒരു സ്ഥാനം പിറകിലേക്ക് പോയി നാലാം സ്ഥാനത്താണ്. ബൗളിങ്ങിൽ ഒന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് തന്നെയാണ്. ഇംഗ്ലണ്ടിന്റെ ജെയിംസ് ആൻഡേഴ്സണെ മറികടന്ന് സൗത്ത് ആഫ്രിക്കൻ ഫാസ്റ്റ് ബൗളർ റബാഡ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു.