ബെംഗളൂരുവിൽ ഇന്ത്യയുടെ ആധിപത്യം

ശ്രീലങ്കയ്ക്കെതിരെയുള്ള പിങ്ക ബോള്‍ ടെസ്റ്റിൽ ഇന്ത്യൻ ആധിപത്യം. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്സ് 303/9 എന്ന നിലയിൽ ഡിക്ലയർ ചെയ്ത ശേഷം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 28/1 എന്ന നിലയിലാണ്.

419 റൺസ് കൂടി വിജയത്തിനായി ശ്രീലങ്ക നേടേണ്ടതുണ്ട്. ശ്രീലങ്കയ്ക്കായി 16 റൺസ് നേടി കുശൽ മെൻ‍‍‍ഡിസും 10 റൺസ് നേടി ദിമുത് കരുണാരത്നേയുമാണ് ക്രീസിലുള്ളത്. അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് ലഹിരു തിരിമന്നേയെ നഷ്ടമായ ശേഷം 28 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്.

നേരത്തെ ശ്രേയസ്സ് അയ്യര്‍(67), ഋഷഭ് പന്ത്(31 പന്തിൽ 50), രോഹിത് ശര്‍മ്മ(46), ഹനുമ വിഹാരി(35) എന്നിവരുടെ ബാറ്റിംഗിൽ മികവിൽ ഇന്ത്യ 303 റൺസ് നേടിയ ശേഷം ഡിക്ലയർ ചെയ്യുകയായിരുന്നു. ശ്രീലങ്കയ്ക്കായി പ്രവീൺ ജയവിക്രമ നാലും ലസിത് എംബുൽദേനിയ മൂന്നും വിക്കറ്റ് നേടി.