മുന്‍ ശ്രീലങ്കന്‍ ടെസ്റ്റ് താരം ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

മുന്‍ ശ്രീലങ്കന്‍ ടെസ്റ്റ് ഓപ്പണര്‍ ആയ തരംഗ പരണവിതാന ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. 32 ടെസ്റ്റുകളില്‍ നിന്ന് 1792 റണ്‍സാണ് പരണവിതാന നേടിയിട്ടുള്ളത്. 2009ല്‍ പാക്കിസ്ഥാനിലെ മറക്കാനാഗ്രഹിക്കുന്ന ടൂറില്‍ അംഗമായിരുന്ന താരം കറാച്ചിയില്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയിരുന്നു.

പിന്നീട് ലാഹോറില്‍ ടീം ബസ് ആക്രമിക്കപ്പെട്ടപ്പോള്‍ പരിക്കേറ്റ താരങ്ങളില്‍ ഒരാളായിരുന്നു പരണവിതാന. പിന്നീട് ഇന്ത്യയ്ക്കെതിരെ 2010ല്‍ തുടരെ ശതകങ്ങള്‍ നേടിയ താരം 2012ല്‍ ന്യൂസിലാണ്ടിലാണ് അവസാന ടെസ്റ്റ് കളിച്ചത്. അന്താരാഷ്ട്ര തലത്തില്‍ അധികം പ്രഭാവം ഉണ്ടാക്കിയില്ലെങ്കിലും ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ 15000ത്തിനോടടുത്ത് റണ്‍സും 40 ശതകങ്ങളും നേടി തന്റെ സ്ഥാനം കൃത്യമായി രേഖപ്പെടുത്തിയാണ് തരംഗ പരണവിതാന മടങ്ങുന്നത്.