ബാറ്റിംഗ് തകര്‍ച്ച, ബംഗ്ലാദേശിനോടും ശ്രീലങ്കയ്ക്ക് തോല്‍വി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സിംബാബ്‍വേയോട് തോല്‍വി പിണഞ്ഞ് ത്രിരാഷ്ട്ര ടൂര്‍ണ്ണമെന്റിന്റെ തങ്ങളുടെ രണ്ടാം മത്സരത്തിനു ബംഗ്ലാദേശിനെ നേരിടാനിറങ്ങിയ ശ്രീലങ്കയ്ക്ക് സമാനമായ ഫലം. അവസാന നിമിഷം വരെ പൊരുതിയാണ് സിംബാബ്‍വേയോട് തോല്‍വി വഴങ്ങിയതെങ്കില്‍ ബംഗ്ലാദേശിനോട് നാണം കെട്ട തോല്‍വിയായിരുന്നു ഫലം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സ് നേടിയപ്പോള്‍ ലങ്കയ്ക്ക് 157 റണ്‍സ് മാത്രമേ നേടാനായുള്ളു. 32.2 ഓവറില്‍ ലങ്കയെ പുറത്താക്കി 163 റണ്‍സിന്റെ വിജയമാണ് ബംഗ്ലാദേശ് ഇന്ന് നേടിയത്.

29 റണ്‍സ് നേടിയ തിസാര പെരേരയാണ് ശ്രീലങ്കന്‍ നിരയിലെ ടോപ് സ്കോറര്‍. കഴിഞ്ഞ മത്സരത്തിലേത് പോലെ അതിവേഗത്തിലുള്ള സ്കോറിംഗ് ആയിരുന്നു തിസാരയുടേത്. 14 പന്തില്‍ 29 റണ്‍സാണ് തിസാര പെരേര നേടിയത്. 28 റണ്‍സുമായി ദിനേശ് ചന്ദിമല്‍, 25 റണ്‍സ് നേടിയ ഉപുല്‍ തരംഗ എന്നിവരെ ഒഴിവാക്കിയാല്‍ ബാക്കി ഒരു ലങ്കന്‍ ബാറ്റ്സമാനു പോലും 20നു മേലുള്ള സ്കോര്‍ നേടാനായില്ല. ഷാകിബ് അല്‍ ഹസന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുസ്തഫിസുര്‍ മഷ്റഫേ മൊര്‍തസ, റൂബല്‍ ഹൊസൈന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിനു മികച്ച തുടക്കമാണ് ലഭിച്ചത്. ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാരെല്ലാം നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയപ്പോള്‍ ടീം സ്കോര്‍ കുതിച്ചുയര്‍ന്നു. ആദ്യ വിക്കറ്റില്‍ 71 റണ്‍സ് നേടിയ ശേഷം അനാമുള്‍ ഹക്ക്(35) പുറത്തായെങ്കിലും തമീം ഇക്ബാലിനോടൊപ്പം ക്രീസിലെത്തിയ ഷാകിബ് അല്‍ ഹസനുമായി ചേര്‍ന്ന് ബംഗ്ലാദേശ് 99 റണ്‍സ് കൂടി രണ്ടാം വിക്കറ്റില്‍ നേടി. 84 റണ്‍സ് നേടി തമീം പുറത്തായ ശേഷവും ഷാകിബ്(67) മുഷ്ഫികുര്‍ റഹീമിനോട്(62) ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് നേടി. മഹമ്മദുള്ള(24), സബ്ബീര്‍ റഹ്മാന്‍(12 പന്തില്‍ പുറത്താകാതെ 24) എന്നിവരുടെ ഇന്നിംഗ്സുകളും ടീമിന്റെ സ്കോര്‍ 320ലേക്ക് എത്തിച്ചു.

ശ്രീലങ്കയ്ക്കായി തിസാര പെരേര മൂന്നും നുവാന്‍ പ്രദീപ് രണ്ടും വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial