ലസിത് മലിംഗയുടെ മാസ്മരിക തിരിച്ചുവരവ് ഒഴിച്ച് നിര്‍ത്തിയാല്‍ ശ്രീലങ്കയ്ക്ക് ഏഷ്യ കപ്പില്‍ മറക്കുവാനാഗ്രഹിക്കുന്ന തുടക്കം. 262 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 124 റണ്‍സിനു പുറത്തായപ്പോള്‍ മത്സരത്തില്‍ ബംഗ്ലാദേശ് 137 റണ്‍സിന്റെ ജയം സ്വന്തമാക്കി. 35.2 ഓവറിലാണ് ലങ്ക ഓള്‍ഔട്ട് ആയത്.
ലസിത് മലിംഗ് എറിഞ്ഞ് തകര്‍ത്ത ബംഗ്ലാദേശ് ബാറ്റിംഗ് നിരയെ മുഷ്ഫിക്കുര്‍ റഹിം വീണ്ടെടുത്ത് 261 റണ്‍സിലേക്ക് നയിച്ചപ്പോള്‍ ലക്ഷ്യം തേടിയിറങ്ങിയ ലങ്ക തുടക്കം മുതല്‍ പതറുകയായിരുന്നു. 144 റണ്‍സ് നേടിയ മുഷ്ഫിക്കുറിനെയും 63 റണ്‍സ് നേടിയ മുഹമ്മദ് മിഥുനിനെയും മാറ്റി നിര്‍ത്തിയാല്‍ തീര്‍ത്തും പരാജയമായിരുന്നു ബംഗ്ലാദേശ് ബാറ്റിംഗ് നിര. എന്നാല്‍ അതിലും പരാജയമായി മാറുകയാിയരുന്നു ലങ്കന്‍ താരങ്ങള്‍.
കൃത്യമായ ഇടവേളകളില്‍ ടീമിന്റെ വിക്കറ്റുകള്‍ വീഴ്ത്തി ഒരു ബാറ്റ്സ്മാന്മാരെയും നിലയുറപ്പിക്കുവാന്‍ അനുവദിക്കാതിരുന്ന ബംഗ്ലാദേശ് ബൗളര്‍മാര്‍ ശ്രീലങ്കയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമാക്കി. 29 റണ്‍സ് നേടിയ ദില്‍രുവന്‍ പെരേരയാണ് ടീമിന്റെ ടോപ് സ്കോറര്‍. ഉപുല്‍ തരംഗ 27 റണ്‍സും സുരംഗ ലക്മല്‍ 20 റണ്‍സ് നേടി.
ബംഗ്ലാദേശിനായി മഷ്റഫേ മൊര്‍തസയും മെഹ്ദി ഹസനും മുസ്തഫിസുര്‍ റഹ്മാനും രണ്ട് വിക്കറ്റും റൂബല്‍ ഹൊസൈന്‍, ഷാക്കിബ് അല്‍ ഹസന്‍, മൊസ്ദൈക്ക് ഹൊസൈന്‍ എന്നിവര്‍ ഒരു വിക്കറ്റും നേടി.