പാക്കിസ്ഥാനെതിരായ ആദ്യ ടി20 മത്സരത്തിൽ ഉജ്ജ്വല ജയം നേടി ശ്രീലങ്ക. 64 റൺസിനാണ് പരമ്പരയിലെ ആദ്യ മത്സരം ശ്രീലങ്ക സ്വന്തമാക്കിയത്. നേരത്തെ നടന്ന ഏകദിന പരമ്പര 2-0ന് പാകിസ്ഥാൻ ജയിച്ചിരുന്നു. എന്നാൽ യുവ നിരയുമായി ഇറങ്ങിയ ശ്രീലങ്കക്ക് മുൻപിൽ ടി20യിലെ ഒന്നാം റാങ്കിൽ ഉള്ള പാകിസ്ഥാൻ തോൽക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 165 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ 17.4 ഓവറിൽ വെറും 101 റൺസിന് എല്ലാവരും ഓൾ ഔട്ട് ആവുകയായിരുന്നു. ശ്രീലങ്കക്ക് വേണ്ടി 38 പന്തിൽ 57 റൺസ് എടുത്ത ഗുണത്തിലാകയാണ് തിളങ്ങിയത്. 33 റൺസ് എടുത്ത ഫെർണാണ്ടോയും 32 രാജപക്ഷയും മികച്ച പിന്തുണയും നൽകി.
പാകിസ്ഥാന് വേണ്ടി യുവതാരം മുഹമ്മദ് ഹസ്നൈൻ മത്സരത്തിൽ ഹാട്രിക് നേടി. ടി20 യിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഹസ്നൈൻ. തുടർന്ന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ നിരയെ നുവാൻ പ്രദീപും ഇസുരു ഉദനയും ചേർന്ന് ചുരുട്ടി കെട്ടുകയായിരുന്നു. ഇരുവരും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോൾ ഡി സിൽവ രണ്ട് വിക്കറ്റ് വീഴ്ത്തി. 24 റൺസ് എടുത്ത സർഫറാസും 25 റൺസ് എടുത്ത ഇഫ്തികാറും മാത്രമാണ് കുറച്ചെങ്കിലും പൊരുതിയത്. പരമ്പരയിലെ അടുത്ത മത്സരം അടുത്ത തിങ്കളാഴ്ച ലാഹോറിൽ വെച്ച് നടക്കും.