ഓസ്ട്രേലിയയെ ഞെട്ടിച്ച് ശ്രീലങ്ക, 26 റൺസ് വിജയം

Srilankaaustralia

43 ഓവറിൽ 216 റൺസെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയയെ 37.1 ഓവറിൽ 189 റൺസിന് എറിഞ്ഞൊതുക്കി 26 റൺസിന്റെ തകര്‍പ്പന്‍ വിജയത്തോടെ രണ്ടാം ഏകദിനം സ്വന്തമാക്കി ശ്രീലങ്ക. വിജയത്തോടെ ശ്രീലങ്ക പരമ്പരയിൽ ഒപ്പമെത്തി.

ഒരു ഘട്ടത്തിൽ 170/5 എന്ന നിലയിൽ വിജയത്തിലേക്ക് ഓസ്ട്രേലിയ അനായാസം നീങ്ങുമെന്ന സാഹചര്യത്തിൽ നിന്നാണ് ശ്രീലങ്ക മത്സരത്തിൽ പിടിമുറുക്കിയത്. 3 വിക്കറ്റ് നേടിയ ചമിക കരുണാരത്നേയ്ക്ക് പിന്തുണയുമായി 2 വിക്കറ്റ് നേടി ദുഷ്മന്ത ചമീര, ധനന്‍ജയ ഡി സിൽവ, ദുനിത് വെല്ലാലാഗേ എന്നിവരും ആതിഥേയര്‍ക്കായി ബൗളിംഗിൽ തിളങ്ങി.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 47.4 ഓവറിൽ 220/9 എന്ന സ്കോര്‍ നേടിയെങ്കിലും മഴ കളി തടസ്സപ്പെടുത്തിയതോടെ ലക്ഷ്യം 43 ഓവറിൽ 216 റൺസായി പുനഃക്രമീകരിക്കുകയായിരുന്നു.

ഡേവിഡ് വാര്‍ണര്‍(37), സ്റ്റീവന്‍ സ്മിത്ത്(28) എന്നിവരുടെ ബാറ്റിംഗ് മാത്രമാണ് ഓസ്ട്രേലിയന്‍ നിരയിൽ ശ്രദ്ധേയമായത്. 132/5 എന്ന നിലയിൽ നിന്ന് മാക്സ്വെൽ – അലക്സ് കാറെ കൂട്ടുകെട്ട് 38 റൺസ് നേടി ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചുവെങ്കിലും പൊടുന്നനെ ടീം തകരുകയായിരുന്നു.

മാക്സ്വെൽ 30 റൺസുമായി പൊരുതി നോക്കിയെങ്കിലും ചമിക കരുണാരത്നേ താരത്തെ പുറത്താക്കിയതോടെ ഓസ്ട്രേലിയ തകരുകയായിരുന്നു. 170/5 എന്ന നിലയിൽ നിന്ന് 181/8 എന്ന നിലയിലേക്ക് ഓസ്ട്രേലിയ വീഴുകയായിരുന്നു.

കുശൽ മെന്‍ഡിസ്(36) ,ധനന്‍ജയ ഡി സിൽവ(34), ദസുന്‍ ഷനക(34) എന്നിവരാണ് ശ്രീലങ്കന്‍ നിരയിൽ റൺസ് കണ്ടെത്തിയവര്‍. ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സ് നാലും മാത്യു കുഹനേമാന്‍, മാക്സ്വെൽ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.