ശ്രീലങ്കയുടെ ഏകദിന നായകന്‍ ഇനി ദിമുത് കരുണാരത്നേ, ടീമിനെ ലോകകപ്പിലും താരം നയിക്കും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഏകദിനത്തിലും ശ്രീലങ്കയുടെ നായകനായി ദിമുത് കരുണാരത്നേ. ഇതോടെ 2019 ലോകകപ്പില്‍ താരം തന്നെ ടീമിനെ നയിക്കുമെന്ന് ഉറപ്പാകുകയാണ്. അതേ സമയം 2015 ലോകകപ്പിനു ശേഷം ഒര ഏകദിനം പോലും താരം കളിച്ചിട്ടില്ല എന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേകത. ഏകദിനത്തില്‍ ദേശീയ ടീമിനെ നാല് വര്‍ഷത്തോളം പ്രതിനിധീകരിക്കാനാകാതെ നിന്ന ശേഷമാണ് നിലവിലെ ടീമിന്റെ ടെസ്റ്റ് നായകനായ കരുണാരത്നേ നായകനായി എത്തുന്നത്.

കഴിഞ്ഞ കുറേ കാലങ്ങളിലായി മലിംഗ, ആഞ്ചലോ മാത്യൂസ്, തിസാര പെരേര, ദിനേശ് ചന്ദിമല്‍ എന്നിങ്ങനെ പല താരങ്ങളെയും ടീം ക്യാപ്റ്റന്‍സിയില്‍ പരീക്ഷിച്ച് വരികയായിരുന്നു. മറ്റു ടീമുകളെല്ലാം തങ്ങളുടെ ടീമുകള്‍ പ്രഖ്യാപിക്കുന്നതിനിടെയാണ് ശ്രീലങ്ക ക്യാപ്റ്റനാരെന്ന് അന്വേഷിച്ച് നടന്നത്.

ദക്ഷിണാഫ്രിക്കയില്‍ ഏകദിനത്തില്‍ 5-0നു ടി20യില്‍ 2-0നും ലങ്ക പരാജയപ്പെട്ടപ്പോള്‍ നായകന്‍ ലസിത് മലിംഗയായിരുന്നു. ലങ്കയ്ക്കായി 17 ഏകദിനങ്ങളില്‍ മാത്രം കളിച്ചിട്ടുള്ള താരം 190 റണ്‍സ് മാത്രമാണ് നേടിയിട്ടുള്ളത്. എന്നാല്‍ ലങ്കയെ ദക്ഷിണാഫ്രിക്കയെ ടെസ്റ്റ് വിജയത്തിലേക്ക് നയിച്ചത് ദിമുത് കരുണാരത്നേയായിരുന്നു. താരം ക്യാപ്റ്റനായി തന്റെ ആദ്യ പരമ്പരയില്‍ തന്നെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചതോടെ ഏകദിനത്തിലും പരീക്ഷിക്കുവാന്‍ ലങ്കന്‍ ബോര്‍ഡ് തയ്യാറാകുകയായിരുന്നു.