ഇനി കളിക്കാൻ ശ്രീയില്ല, പ്രാദേശിക ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച് ശ്രീശാന്ത്

ഇന്ത്യയുടെ പ്രാദേശിക ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് ശ്രീശാന്ത്. 39 വയസ്സുകാരന്‍ കേരളത്തിനായി മേഘാലയയ്ക്കെതിരെ രഞ്ജി ട്രോഫിയിൽ കളിച്ചിരുന്നു. മത്സരത്തിൽ ഇരു ഇന്നിംഗ്സുകളിലായി താരം 2 വിക്കറ്റ് മാത്രമാണ് നേടിയത്.

ട്വിറ്ററിലൂടെയാണ് താരം തന്റെ വിരമിക്കൽ തീരുമാനം അറിയിച്ചത്. സന്തോഷം നല്‍കുന്ന തീരുമാനം അല്ലെങ്കിലും ഇത് ശരിയായ തീരുമാനം ആണെന്ന് താരം ട്വിറ്ററിൽ കുറിച്ചു.

ഒക്ടോബര്‍ 2005ൽ ശ്രീലങ്കയ്ക്കെതിരെ ഏകദിന അരങ്ങേറ്റം കുറിച്ച താരം 53 മത്സരങ്ങളിൽ നിന്ന് 75 വിക്കറ്റ് നേടുകയായിരുന്നു. 27 ടെസ്റ്റിൽ നിന്ന് 87 വിക്കറ്റും 10 ടി20 മത്സരങ്ങളിൽ നിന്ന് 7 വിക്കറ്റും താരം നേടിയിട്ടുണ്ട്.

2011ൽ ഇംഗ്ലണ്ടിനെതിരെ ഓവലിലാണ് താരം അവസാനമായി ഇന്ത്യയ്ക്കായി അന്താരാഷ്ട്ര മത്സരം കളിച്ചത്. ഐപിഎലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെയും രാജസ്ഥാന്‍ റോയൽസിനെയും പ്രതിനിധീകരിച്ച താരം 44 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 40 വിക്കറ്റ് നേടിയിട്ടുണ്ട്.

Sreesanth

2013ലെ ഐപിഎലിലെ സ്പോട്ട് ഫിക്സിംഗ് വിവാദത്തോടെ ബിസിസിഐ ആജീവനാന്ത വിലക്ക് നേരിട്ട താരം പിന്നീട് നീണ്ട വര്‍ഷത്തെ നിയമ പോരാട്ടത്തിന് ശേഷം വിലക്ക് നീക്കി 2021ൽ കേരളത്തിനായി വീണ്ടും സയ്യദ് മുഷ്താഖ് അലി ട്രോഫിയും വിജയ് ഹസാരെയിലും കളിച്ചിരുന്നു.

ഇത്തവണ ഐപിഎൽ മെഗാ ലേലത്തിൽ താരം പേര് നല്‍കിയെങ്കിലും ആവശ്യക്കാരുണ്ടായിരുന്നില്ല.