ലഞ്ചിന് ശേഷം യസീര്‍ ഷായുടെ പ്രഹരങ്ങളില്‍ തകര്‍ന്ന് ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍ 107 റണ്‍സ് ലീഡ്

മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 219 റണ്‍സിന് പുറത്ത്. ലഞ്ചിന് പോകുമ്പോള്‍ 159/5 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ട് യസീര്‍ ഷായുടെ പ്രഹരങ്ങള്‍ക്ക് മുന്നില്‍ തകരുകയായിരുന്നു. ജോസ് ബട്‍ലറെ ലഞ്ചിന് ശേഷം ഒരു റണ്‍സ് പോലും നേടുന്നതിന് മുമ്പ് പുറത്താക്കിയ യസീര്‍ ഷാ അധികം വൈകാതെ ഡൊമിനിക് ബെസ്സിനെയും പുറത്താക്കി. 38 റണ്‍സാണ് ബട്‍ലറുടെ സ്കോര്‍.

19 റണ്‍സ് നേടിയ ക്രിസ് വോക്സ് ആയിരുന്നു യസീര്‍ ഷായുടെ അടുത്ത ഇര. സ്കോര്‍ ബോര്‍ഡില്‍ 170 റണ്‍സായിരുന്നു ഇംഗ്ലണ്ട് നേടിയത്. സ്റ്റുവര്‍ട് ബ്രോഡും ജോഫ്ര ആര്‍ച്ചറും ചേര്‍ന്ന് ഒമ്പതാം വിക്കറ്റില്‍ 27 റണ്‍സ് നേടി മുന്നോട്ട് നീങ്ങുമ്പോള്‍ ഷദബ് ഖാന്‍ ജോഫ്രയെ പുറത്താക്കി.

16 റണ്‍സാണ് ജോഫ്ര ആര്‍ച്ചര്‍ നേടിയത്. അവസാന വിക്കറ്റായി ജെയിംസ് ആന്‍ഡേഴ്സണ്‍ വീണപ്പോള്‍ ഇംഗ്ലണ്ട് 219 റണ്‍സാണ് നേടയത്. ലഞ്ചിന് ശേഷം വീണ അഞ്ച് വിക്കറ്റുകളും നേടിയത് സ്പിന്നര്‍മാരായിരുന്നു. യസീര്‍ ഷാ മൂന്നും ഷദബ് ഖാന്‍ രണ്ടും വിക്കറ്റാണ് നേടിയത്. ബ്രോഡ് 29 റണ്‍സുമായി പുറത്താകാതെ നിന്നു.