ഒരറ്റത്ത് അര്‍ദ്ധ ശതകവുമായി പൊരുതി നിന്ന് ഡേവിഡ് വാര്‍ണര്‍, 12 റണ്‍സ് വിജയം കൊയ്ത് ദക്ഷിണാഫ്രിക്ക

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ടി20യില്‍ 12 റണ്‍സ് വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ആദ്യ ടി20യിലെ കനത്ത പരാജയത്തിന് ശേഷം ഓസ്ട്രേലിയയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡി കോക്ക് നേടിയ തകര്‍പ്പന്‍ 70 റണ്‍സിന്റെ ബലത്തില്‍ 158/4 എന്ന സ്കോര്‍ നേടുകയായിരുന്നു. 47 പന്തില്‍ നിന്ന് 5 ഫോറും 4 സിക്സും സഹിതമാണ് ഡി കോക്കിന്റെ ഇന്നിംഗ്സ്. റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍ 37 റണ്‍സ് നേടി. ഓസ്ട്രേലിയയ്ക്കായി കെയിന്‍ റിച്ചാര്‍ഡ്സണ്‍ 2 വിക്കറ്റ് നേടുകയായിരുന്നു.

മറുപടി ബാറ്റിംഗില്‍ ഡേവിഡ് വാര്‍ണര്‍ ടോപ് ഓര്‍ഡറില്‍ പൊരുതി നിന്നുവെങ്കിലും അവസാന ഓവറില്‍ ജയിക്കുവാന്‍ 17 റണ്‍സ് നേടേണ്ടിയിരുന്ന ഓസ്ട്രേലിയയ്ക്ക് 3 റണ്‍സാണ് നേടാനായത്. വാര്‍ണര്‍ 56 പന്തില്‍ നിന്ന് പുറത്താകാതെ 67 റണ്‍സാണ് നേടിയത്. സ്റ്റീവന്‍ സ്മിത്ത് 29 റണ്‍സാണ് നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ലുംഗിസാനി ഗിഡി 3 വിക്കറ്റ് വീഴ്ത്തി. 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് ഓസ്ട്രേലിയ നേടിയത്.