ലീഡ് മറികടക്കുവാന്‍ ഇനിയും 176 റൺസ്, ദക്ഷിണാഫ്രിക്കയ്ക്ക് 3 വിക്കറ്റ് നഷ്ടം

മാഞ്ചെസ്റ്റര്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സിൽ 88/3 എന്ന നിലയിൽ. 23/0 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 10 റൺസ് കൂടി നേടുന്നതിനിടെ ഡീൻ എൽഗാറിന്റെ(11) വിക്കറ്റ് നഷ്ടമായി. തലേ ദിവസത്തെ തന്റെ സ്കോറിനോട് ഒരു റൺസ് പോലും നേടാനാകാതെ ആണ് എൽഗാര്‍ ജെയിംസ് ആന്‍ഡേഴ്സണ് വിക്കറ്റ് നൽകി മടങ്ങിയത്.

അധികം വൈകാതെ സാരെൽ ഇര്‍വിയെ(25) റോബിന്‍സൺ പുറത്താക്കിയപ്പോള്‍ 6 റൺസ് നേടിയ എയ്ഡന്‍ മാര്‍ക്രത്തെ ബ്രോഡ് പുറത്താക്കി. പിന്നീട് കീഗന്‍ പീറ്റേഴ്സണും റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും ചേര്‍ന്ന് 34 റൺസ് നേടിയാണ് ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിച്ചത്.

പീറ്റേഴ്സൺ 20 റൺസും റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ 14 റൺസും നേടിയാണ് ദക്ഷിണാഫ്രിക്കയ്ക്കായി ക്രീസിലുള്ളത്. ഇംഗ്ലണ്ടിന്റെ ലീഡ് മറികടക്കുവാന്‍ 176 റൺസ് കൂടി ദക്ഷിണാഫ്രിക്ക നേടേണ്ടതുണ്ട്.