ഹാരി വിങ്ക്സ് സീരി എയിലേക്ക്

ടോട്ടനം താരം ഹാരി വിങ്ക്‌സ് സാംപ്ഡോരിയയിലേക്ക് ചേക്കേറുന്നു. ഇംഗ്ലീഷ് താരത്തെ ലോണിലാണ് സീരി എ ടീം തങ്ങളുടെ കൂടാരത്തിലേക്ക് എത്തിക്കുന്നത്. നേരത്തെ ടോട്ടനത്തിന്റെ പ്രീ സീസണിൽ നിന്നും താരത്തെ ടീം മാറ്റി നിർത്തി ടീം വിടാനുള്ള സൂചന നൽകിയിരുന്നു. എഎസ് റോമയും സാംപ്ഡോരിയയുമാണ് താരത്തിനായി മുന്നിട്ടു വന്നിരുന്നത്. ഇതിൽ സാംപ്ഡോരിയയുമായി ധാരണയിൽ എത്താൻ ടോട്ടനത്തിനായി. ഡീലിന്റെ കൂടുതൽ വിശദാംശങ്ങൾ ചർച്ചകൾ പൂർത്തിയാകുന്നതോടെ പുറത്തു വരും.

ടോട്ടനം യൂത്ത് സിസ്റ്റത്തിലൂടെ വളർന്ന വിങ്ക്‌സ് 2014ലാണ് സീനിയർ ടീമിനായി അരങ്ങേരുന്നത്. പലപ്പോഴും ടീമിന്റെ ആദ്യ ഇലവനിൽ സ്ഥിരാംഗം ആവാൻ ബുദ്ധിമുട്ടിയ താരത്തിന് കോന്റെയുടെ വരവോടെ കാര്യങ്ങൾ കൂടുതൽ കടുപ്പമായി. പ്രീ സീസണിൽ നിന്നും താരത്തെ മാറ്റി നിർത്തിയിരുന്നു. ടോട്ടനത്തിനായി ഇരുന്നൂറോളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അഞ്ച് ഗോളുകളും സ്വന്തം പേരിൽ കുറിച്ചു. ഇംഗ്ലണ്ട് ദേശിയ ജേഴ്‌സിയിൽ പത്ത് മത്സരങ്ങൾ ഇറങ്ങിയിട്ടുണ്ട്. ഇംഗ്ലണ്ടിൽ തന്നെ തുടരാൻ ആയിരുന്നു വിങ്ക്‌സിന് താൽപര്യം എങ്കിലും ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഇരിക്കെ ഇറ്റലിയിൽ നിന്നുള്ള ഓഫർ അംഗീകരിക്കാൻ താരം നിർബന്ധിതനാവുകയായിരുന്നു.