രണ്ടാം ടി20യിലും പാക്കിസ്ഥാനു പരാജയം, കളിയിലെ താരമായി ഡേവിഡ് മില്ലര്‍

ഫാഫ് ഡു പ്ലെസിയ്ക്ക് പകരം നായക സ്ഥാനത്തെത്തിയ ഡേവിഡ് മില്ലറുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ നേടിയ 188 റണ്‍സിനു ശേഷം പാക്കസിഥാനെ 181 റണ്‍സില്‍ ചെറുത്ത് നിര്‍ത്തി 7 റണ്‍സ് വിജയം സ്വന്തമാക്കി ദക്ഷിണആഫ്രിക്ക. ബാബര്‍ അസം 90 റണ്‍സ് നേടി പൊരുതിയെങ്കിലും ഹുസൈന്‍ തലത്(55) അല്ലാതെ മറ്റു താരങ്ങള്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ പാക്കിസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് മാത്രമേ നേടാനായുള്ളു. ഇതോടെ 11 തുടര്‍ ടി20 പരമ്പര വിജയം സ്വന്തമാക്കി മുന്നേറിയ പാക്കിസ്ഥാന്റെ ജൈത്രയാത്രയാണ് ദക്ഷിണാഫ്രിക്ക അവസാനിപ്പിച്ചത്.

രണ്ടാം വിക്കറ്റില്‍ 102 റണ്‍സ് കൂട്ടുകെട്ട് നേടിയ ശേഷമാണ് പാക്കിസ്ഥാന്റെ തകര്‍ച്ച ആരംഭിച്ചത്. 147/1 എന്ന നലയില്‍ നിന്ന് അടുത്ത 33 റണ്‍സ് നേടുന്നതിനിടെ പാക്കിസ്ഥാനു 6 വിക്കറ്റുകളാണ് നഷ്ടമായത്. ആന്‍ഡിലെ ഫെഹ്ലുക്വായോയുടെ 3 വിക്കറ്റുകളാണ് മത്സര ഗതി ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാക്കി മാറ്റിയത്.

അവസാന ഓവറില്‍ വിജയിക്കുവാന്‍ 15 റണ്‍സുള്ളപ്പോള്‍ പാക്കിസ്ഥാന്റെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഫെഹ്ലുക്വായോ മത്സരം മാറ്റി മറിച്ചത്. ആദ്യ പന്തില്‍ ഷൊയ്ബ് മാലിക് ബൗണ്ടറി നേടുകയും അടുത്ത പന്തില്‍ സിംഗിള്‍ നേടിയും അവസാന നാല് പന്തില്‍ ലക്ഷ്യം 10 റണ്‍സാക്കി കുറച്ചിരുന്നു. എന്നാല്‍ അടുത്ത നാല് പന്തില്‍ ഷൊയ്ബ് മാലികിനെയും ഹസന്‍ അലിയെയും പുറത്താക്കി പാക് പ്രതീക്ഷകളെ ബൗളര്‍ തകര്‍ക്കുകയായിരുന്നു. ബാബര്‍ അസം 58 പന്തില്‍ നിന്നാണ് 90 റണ്‍സ് നേടിയത്. ക്രിസ് മോറിസ്, ബ്യൂറന്‍ ഹെന്‍ഡ്രിക്സ് എന്നിവര്‍ ആതിഥേയര്‍ക്ക് വേണ്ടി 2 വീതം വിക്കറ്റ് നേടി.

ഡേവിഡ് മില്ലര്‍ പുറത്താകാതെ 29 പന്തില്‍ നിന്ന് 65 റണ്‍സും റാസി വാന്‍ ഡെര്‍ ഡൂസെന്‍(27 പന്തില്‍ 45), റീസ ഹെന്‍ഡ്രിക്സ്(28), ജാന്നെമാന്‍ മലന്‍(33) എന്നിവരാണ് ദക്ഷിണാഫ്രിക്കയെ 3 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സിലേക്ക് നയിച്ചത്. മില്ലര്‍ 4 ബൗണ്ടറിയും 5 സിക്സും അടക്കമായിരുന്നു തന്റെ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത്. മില്ലര്‍ തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ആതിഥേയര്‍ 2-0നു പരമ്പര സ്വന്തമാക്കുകയും ചെയ്തു.