ദക്ഷിണാഫ്രിക്കന്‍ ടീം നീങ്ങുന്നത് ശരിയായ ദിശയില്‍ എന്നതില്‍ ഏറെ സന്തോഷം

- Advertisement -

ദക്ഷിണാഫ്രിക്കന്‍ ടീം ശരിയായ ദിശയിലാണ് മുന്നേറുന്നതെന്നും ടീമിന്റെ ഭാവിയില്‍ മികച്ച പ്രതീക്ഷയാണുള്ളതെന്നും പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ലുംഗിസാനി ഗിഡി. ഓസ്ട്രേലിയയെ നാട്ടില്‍ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ടീം. ചില കാര്യങ്ങള്‍ ശരിയാക്കുവാനുണ്ടെങ്കിലും ടീമിന്റെ പുരോഗതിയില്‍ ഏറെ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി.

ഈ വേനല്‍ സീസണില്‍ ടീം മികച്ച കുറെ കാര്യങ്ങള്‍ ചെയ്തു, ശരിയായ ദിശയിലാണ് ടീമിന്റെ സഞ്ചാരം. ഇനിയും ഒട്ടേറെ കടമ്പകള്‍ കടക്കാനുണ്ട്, പക്ഷഏ ചില മികച്ച ടീമുകള്‍ക്കെതിരെയുള്ള മികച്ച ജയങ്ങള്‍ സ്വന്തമാക്കാനായത് ടീമിനെ വല്ലാതെ സന്തോഷിപ്പിക്കുന്നുണ്ടെന്ന് ലുംഗിസാനി വ്യക്തമാക്കി.

പുതിയ നാലഞ്ച് താരങ്ങള്‍ ടീമിലേക്ക് എത്തിയിട്ടുണ്ട്, അതിനാല്‍ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് ഇതൊരു പുതിയ ഘട്ടം കൂടിയാണെന്ന് ഗിഡി അഭിപ്രായപ്പെട്ടു. നാട്ടില്‍ ഒരു പരമ്പര പരാജയപ്പെടുന്നത് അത്ര രസകരമായ കാര്യമല്ല. അതിനാല്‍ തന്നെ ഓസ്ട്രേലിയയ്ക്കെതിരെ പരമ്പര വിജയിക്കാനായത് ആത്മവിശ്വാസം നല്‍കി.

ഇന്ത്യയിലേക്ക് ചെന്നപ്പോള്‍ താരങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടായിരുന്നുവെങ്കിലും തങ്ങള്‍ക്ക് നിയന്ത്രമണില്ലാത്ത കാര്യങ്ങളായതിനാല്‍ തന്നെ പരമ്പര നടന്നില്ലെന്ന് മഴയും പിന്നീട് കൊറോണയും എത്തിയതിനെക്കുറിച്ച് ഗിഡി പരാമര്‍ശിച്ചു.

Advertisement