ധോണിക്ക് ശേഷം ഒരു കാലഘട്ടത്തിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം തയ്യാറെടുക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ധോണി എനിയും ഒരുപാട് കാലം ഇന്ത്യൻ ടീമിന്റെ കൂടെ ഉണ്ടാവില്ലെന്ന സത്യം ഇന്ത്യൻ ക്രിക്കറ്റ് മനസ്സിലാക്കണമെന്നും ഗാംഗുലി പറഞ്ഞു. പക്ഷെ ധോണി എപ്പോൾ കളി മതിയാക്കണമെന്നത് ധോണി തന്നെ തീരുമാനിക്കേണ്ട കാര്യമാണെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.
“എത്ര വലിയ കളിക്കാരനായാലും ഒരു ദിവസം കളി മതിയാക്കേണ്ടി വരും. അതാണ് സ്പോർട്സ്. ഫുട്ബോളിൽ മറഡോണ പോലും കളി മതിയാക്കി. ഫുട്ബോളിൽ മറഡോണയെക്കാൾ മികച്ച താരമില്ല. സച്ചിൻ, ലാറ, ബ്രാഡ്മാൻ എന്നിവരെല്ലാം കളി മതിയാക്കിയവരാണ്. ഇതേ അവസ്ഥ മഹേന്ദ്ര സിങ് ധോണിക്കും വരും” ഗാംഗുലി പറഞ്ഞു
ധോണിക്ക് പഴയത് പോലെ ഇന്ത്യക്ക് വേണ്ടി മത്സരങ്ങൾ ജയിപ്പിക്കാൻ കഴിയുമോ എന്ന് ധോണി സ്വയം ചോദിക്കണമെന്നും സൗരവ് ഗാംഗുലി പറഞ്ഞു. ധോണിയെപോലെയും സച്ചിനെ പോലെയും വിരാട് കോഹ്‌ലിയെ പോലെയുമുള്ള താരങ്ങൾ കളിക്കുന്നിടത്തോളം കാലം അവർ മത്സരങ്ങൾ ജയിപ്പിക്കും എന്നാണ് എല്ലാവരുടെയും പ്രതീക്ഷയെന്നും ഗാംഗുലി പറഞ്ഞു.
സൈനിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട് വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് മഹേന്ദ്ര സിങ് ധോണി സ്വയം വിട്ടു നിന്നിരുന്നു.