സ്മിത്തിനെ രാജസ്ഥാന്‍ റിലീസ് ചെയ്തേക്കുമെന്ന് സൂചന, സഞ്ജു ക്യാപ്റ്റനാകുമോ?

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎല്‍ 2021 ലേലം ഉടന്‍ നടക്കാനിരിക്കവെ സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന്‍ റോയല്‍സ് റിലീസ് ചെയ്തേക്കുമെന്ന് സൂചന. ജനുവരി 20ന് അകം ടീമുകളോട് അവര്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ അവസാന ലിസ്റ്റ് നല്‍കണമെന്നാണ് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ ആവശ്യപ്പെട്ടത്.

2020 ഐപിഎല്‍ സീസണില്‍ അവസാന സ്ഥാനക്കാരായി മാറിയ രാജസ്ഥാന് വേണ്ടി സ്റ്റീവ് സ്മിത്തിന് 14 ലീഗ് മത്സരങ്ങളില്‍ നിന്ന് 311 റണ്‍സാണ് 131 സ്ട്രൈക്ക് റേറ്റില്‍ നേടാനായത്. താരം മൂന്ന് അര്‍ദ്ധ ശതകങ്ങള്‍ നേടിയെങ്കിലും ടീമിന് വേണ്ടി പ്രഭാവമുള്ള ഇന്നിംഗ്സോ നായകന്റെ ഗുണങ്ങളോ താരത്തിന് പുറത്തെടുക്കാനായില്ല.

2018 ലേലത്തിന് മുമ്പ് സ്റ്റീവ് സ്മിത്തിനെ മാത്രമാണ് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയതെങ്കിലും താരത്തിന് കേപ് ടൗണിലെ ബോള്‍ ടാംപെറിംഗ് സംഭവത്തോടെ സീസണില്‍ കളിക്കാനായില്ല. എന്നാല്‍ 2019ലെ മോശം പ്രകടനത്തിന് ശേഷം രഹാനെയില്‍ നിന്ന് സ്മിത്തിന് ക്യാപ്റ്റന്‍സി നല്‍കുവാന്‍ ഫ്രാഞ്ചൈസി തീരുമാനിക്കുകയായിരുന്നു.

സ്മിത്ത് പുറത്ത് പോകുന്ന പക്ഷം പുതിയൊരു ക്യാപ്റ്റനെ നിയമിക്കുക എന്ന ദൗത്യമാണ് രാജസ്ഥാന്‍ റോയല്‍സിന് മുന്നിലുള്ളത്. ജോസ് ബട്‍ലറിനും ബെന്‍ സ്റ്റോക്സിനും ക്യാപ്റ്റന്‍സി ലഭിയ്ക്കുവാന്‍ ഏറെ സാധ്യതയുണ്ടെങ്കിലും ഇരുവരും സീസണ്‍ മുഴുവന്‍ ഇല്ലാത്തതിനാല്‍ തന്നെ സഞ്ജു സാംസണിനെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുവാന്‍ സാധ്യതയുണ്ടെന്ന തരത്തിലാണ് അഭ്യൂഹങ്ങള്‍ പുറത്ത് വരുന്നത്. കേരളത്തിനെ സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ നയിക്കുകയാണ് സഞ്ജു സാംസണ്‍ ഇപ്പോള്‍.

2020 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ലീഡര്‍ഷിപ്പ് ഗ്രൂപ്പിന്റെ ഭാഗമായിരുന്നു സഞ്ജു സാംസണ്‍. കോച്ച് ആന്‍ഡ്രൂ മക്ഡൊണാള്‍ഡിന് പുറമെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ജോസ് ബട്‍ലര്‍, ബെന്‍ സ്റ്റോക്സ് എന്നിവരായിരുന്നു ഈ സംഘത്തിലുണ്ടായിരുന്നത്.