സിറാജ് തുടങ്ങി, പിന്നെ കുൽദീപിന്റെ സ്പിന്‍ തന്ത്രം, നാണംകെട്ട് ബംഗ്ലാദേശ്

Sports Correspondent

ചട്ടോഗ്രാമിൽ ബാറ്റിംഗ് മറന്ന് ആതിഥേയര്‍. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് 133/8 എന്ന നിലയിലാണ്. ഇന്ത്യയുടെ സ്കോര്‍ മറികടക്കുവാന്‍ ടീം ഇനിയും 271 റൺസ് കൂടി നേടേണ്ടതുണ്ട്. 16 റൺസുമായി മെഹ്ദി ഹസന്‍ മിറാസും 13 റൺസ് നേടി എബോദത്ത് ഹൊസൈനും ആണ് ക്രീസിലുള്ളത്. 

ഇന്ന് ഇന്ത്യയെ 404 റൺസിന് പുറത്താക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ആദ്യ പന്തിൽ നജ്മുള്‍ ഹൊസൈന്‍ ഷാന്റോയുടെ വിക്കറ്റ് നഷ്ടമായ ശേഷം മത്സരത്തിൽ നിലയുറപ്പിക്കുവാന്‍ കഴിയാതെ പതറുന്ന കാഴ്ചയാണ് കണ്ടത്.

ടോപ് ഓര്‍ഡറിൽ മൊഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മധ്യ നിരയെ കുൽദീപ് തൂത്തുവാരുകയായിരുന്നു. 28 റൺസ് നേടിയ മുഷ്ഫികുര്‍ റഹിം ആണ് ടീമിന്റെ ടോപ് സ്കോറര്‍. ലിറ്റൺ ദാസ് 24 റൺസും സാകിര്‍ ഹസന്‍ 20 റൺസും നേടി.