സാക്കറുടെ രാജി ഞെട്ടലുണ്ടാക്കി: നഥാന്‍ ലയണ്‍

- Advertisement -

ഓസ്ട്രേലിയയുടെ ബൗളിംഗ് കോച്ചായി പ്രവര്‍ത്തിക്കുകയായിരുന്നു ഡേവിഡ് സാക്കറുടെ രാജി തന്നെ ഞെട്ടിച്ചുവെന്ന് പറഞ്ഞ് ചാമ്പ്യന്‍ സ്പിന്നര്‍ നഥാന്‍ ലയണ്‍. താന്‍ ഈ വിവരം അറിയുന്നത് ഫോണിലൂടെയായിരുന്നുവെന്നാണ് നഥാന്‍ ലയണ്‍ പറഞ്ഞത്. ലോകകപ്പ് ആസന്നമായ സമയത്ത് ഡേവിഡ് ഇത്തരത്തില്‍ രാജി വെച്ചത് ടീമിനെ പുതിയ കോച്ചിനെ കണ്ടെത്തേണ്ട ചുമതലയില്‍ എത്തിച്ചുവെങ്കിലും ട്രോയി കൂളിയെ നിയമിച്ച് ഓസ്ട്രേലിയ ഉടനടി തന്നെ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യ-യുഎഇ പരമ്പരയിലേക്കാണ് കൂളിയെ നിയമിച്ചിരിക്കുന്നത്. ലോകകപ്പിനു കൂളിയെ തന്നെ നിയമിക്കുമോ പകരം കോച്ചിനെ കണ്ടെത്തുമോ ഓസ്ട്രേലിയ എന്നത് കാത്തിരുന്നു കാണേണ്ടതാണ്.

സാക്കറുടെ തീരുമാനത്തില്‍ ഞെട്ടലും സങ്കടവുമുണ്ട് എന്നാണ് ലയണിന്റെ ആദ്യ പ്രതികരണം. കാന്‍ബറയിലെ ടെസ്റ്റ് വിജയത്തിന്റെ ആഘോഷത്തിലായിരുന്ന താന്‍ സാക്കറെ കണ്ടപ്പോള്‍ പോലും തന്നോട് ഒരു സൂചന പോലും സാക്കര്‍ നല്‍കിയില്ലെന്ന് പറഞ്ഞ ലയണ്‍ സാക്കര്‍ തനിക്ക് ഏറെ പിന്തുണ നല്‍കിയിരുന്ന വ്യക്തിയാണെന്നാണ് പറഞ്ഞത്. അദ്ദേഹത്തിന്റെ അഭാവം തനിക്ക് തീര്‍ച്ചയായും ഒരു നഷ്ടം തന്നെയാണെന്നാണ് നഥാന്‍ ലയണ്‍ പറഞ്ഞത്.

Advertisement