വിചിത്രമായ ബൗളിംഗ് ആക്ഷന്‍, അടവ് നടക്കില്ലെന്ന് അമ്പയര്‍മാര്‍

സികെ നായിഡു ട്രോഫിയില്‍ ഉത്തര്‍ പ്രദേശിന്റെ ശിവ സിംഗ് തന്റെ 360 ഡിഗ്രി ബൗളിംഗിലൂടെ ബാറ്റ്സ്മാന്മാനെ കബിളിപ്പിക്കുവാന്‍ ശ്രമിച്ചുവെങ്കിലും താരത്തിനോട് ഇത്തരത്തിലിനി പന്തെറിയാനാകില്ലെന്ന് അറിയിച്ച് അമ്പയര്‍മാര്‍. റിലീസിനു തൊട്ട് മുമ്പ് ഒരു തവണ കറങ്ങിയാണ് താരം ഈ ശ്രമം നടത്തിയത്. അതിന്റെ ട്വിറ്റര്‍ വീഡിയോ ദാ താഴെക്കൊടുത്തിരിക്കുന്നു.

ഇന്ത്യയുടെ U-19 ലോകകപ്പ് ജേതാക്കളായ ടീമിലെ അംഗമായിരുന്നു ശിവ സിംഗ്. എന്നാല്‍ താരം ഇപ്രകാരം എറിഞ്ഞ പന്ത് ഡെഡ് ബോള്‍ ആയി വിധിക്കപ്പെടുകയായിരുന്നു. കഴിഞ്ഞ മാസം നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനെതിരെ താന്‍ ഇത്തരത്തില്‍ പന്തെറിഞ്ഞിരുന്നുവെന്നും എന്നാല്‍ അന്ന് തന്നോട് ആരും ഇത്തരത്തില്‍ വിലക്കിയിട്ടില്ലെന്നാണ് താരം അഭിപ്രായപ്പെടുന്നത്.

ബാറ്റ്സ്മാന്മാര്‍ക്ക് റിവേഴ്സ് സ്വീപ്പും സ്വിച്ച് ഹിറ്റുമെല്ലാം ശ്രമിക്കുവാന്‍ അവസരമുള്ളപ്പോള്‍ ബൗളര്‍മാര്‍ക്ക് ഇതുപോലുള്ള ഒന്നും ശ്രമിക്കാനാകുന്നില്ലെന്നതാണ് ശിവയുടെ ഇപ്പോളത്തെ പരാതി.