മാര്‍ഷ് ഏകദിനങ്ങളില്‍ കളിക്കുവാന്‍ അര്‍ഹനാണ്: ലാംഗര്‍

- Advertisement -

ഓസ്ട്രേലിയയ്ക്കായി ഏകദിനങ്ങള്‍ കളിക്കുവാന്‍ ഫോം വെച്ച് ഷോണ്‍ മാര്‍ഷ് അര്‍ഹനാണെന്ന് പറഞ്ഞ് ജസ്റ്റിന്‍ ലാംഗര്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന സ്ക്വാഡില്‍ മാര്‍ഷിനു സ്ഥാനം ലഭിക്കുമെന്നാണ് ജസ്റ്റിന്‍ ലാംഗര്‍ അഭിപ്രായപ്പെട്ടത്. നവംബര്‍ 4നാണ് പരമ്പര ആരംഭിക്കുന്നതെങ്കിലും പാക്കിസ്ഥാനുമായുള്ള ടെസ്റ്റ് പരമ്പരയിലെ മോശം ഫോമാണ് മാര്‍ഷിനെതിരെ ആരാധികരെ തിരിയുവാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.

വെറും 14 റണ്‍സ് മാത്രമാണ് ഷോണ്‍ മാര്‍ഷ് പാക്കിസ്ഥാനെതിരെ ടെസ്റ്റില്‍ നിന്ന് നേടിയത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ ഏകദിനത്തില്‍ രണ്ട് ശതകങ്ങള്‍ നേടിയ ഷോണ്‍ മാര്‍ഷ് 50 ഓവര്‍ ഫോര്‍മാറ്റില്‍ താന്‍ മികച്ച ഫോമിലാണെന്ന് കഴിഞ്ഞ കാലങ്ങളില്‍ തെളിയിച്ചിരുന്നു. മാര്‍ഷിനു മോശം ടെസ്റ്റ് പരമ്പരയാണ് കഴിഞ്ഞു പോയതെന്ന നല്ല ബോധ്യമുണ്ടെന്ന് പറഞ്ഞ ലാംഗര്‍ എന്നാല്‍ അത് താരത്തെ ഏകദിനങ്ങളില്‍ പരിഗണിക്കാതിരിക്കുവാനുള്ള കാരണമാകില്ലെന്ന് സൂചിപ്പിച്ചു.

താരങ്ങളെ അവരുടെ പ്രകടനങ്ങള്‍ക്ക് അംഗീകാരവും അവസരവും നല്‍കണമെന്ന് പറഞ്ഞ ജസ്റ്റിന്‍ ലാംഗര്‍ ഷോണ്‍ മാര്‍ഷ് കഴിഞ്ഞ് അഞ്ച് അന്താരാഷ്ട്ര മത്സരങ്ങളില്‍ രണ്ട് ശതകങ്ങള്‍ നേടിയത് മറക്കരുതെന്നും പറഞ്ഞു.

Advertisement