പൃഥ്വി ഷാ വേഗത്തില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷ: രവി ശാസ്ത്രി

അഡിലെയ്ഡ് ടെസ്റ്റില്‍ നിന്ന് പരിക്ക് മൂലം വിട്ട് നില്‍ക്കേണ്ടി വന്ന ഇന്ത്യയുടെ യുവ ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് പെര്‍ത്തിലെ രണ്ടാം ടെസ്റ്റില്‍ കളിയ്ക്കാനാകുമെന്നാണ് തന്റെ വിശ്വാസമെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യയുടെ മുഖ്യ കോച്ച് രവി ശാസ്ത്രി. ഓസ്ട്രേലിയന്‍ ബോര്‍ഡ് ഇലവനെതിരെ സന്നാഹ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് പൃഥ്വി ഷായ്ക്ക് പരിക്കേറ്റത്.

പൃഥ്വി പരിക്കേറ്റത് ഹൃദയഭേദകമായ കാഴ്ചയായിരുന്നുവെന്ന് പറഞ്ഞ ശാസ്ത്രി, താരം അതിവേഗത്തില്‍ ഭേദപ്പെട്ട് വരുന്നുണ്ടെന്നാണ് പറഞ്ഞത്. പൃഥ്വി ഷാ വീണ്ടും നടക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞ ശാസ്ത്രി, യുവ താരത്തിനു ലഭിയ്ക്കേണ്ടിയിരുന്ന മികച്ച അവസരം നഷ്ടമായതില്‍ സങ്കടമുണ്ടെന്ന് അറിയിച്ചു. നാട്ടില്‍ ഏത് ഫോര്‍മാറ്റിലായാലം റണ്‍സ് കണ്ടെത്തിയ താരമാണ് പൃഥ്വി. ഇവിടെയും താരം മികവ് പുലര്‍ത്തുമെന്നത് തീര്‍ച്ചയായിരുന്നുവെന്നാണ് പൃഥ്വിയിലെ പ്രതീക്ഷയെക്കുറിച്ച് ശാസ്ത്രി പറഞ്ഞത്.