അവസാന മിനുട്ടില്‍ മോനു ഗോയത്, ബംഗാളില്‍ നിന്ന് ജയം തട്ടിയെടുത്ത് ഹരിയാന

ഹരിയാന സ്റ്റീലേഴ്സിനെ വിജയത്തിലേക്ക് നയിച്ച് മോനു ഗോയത്. ഒപ്പത്തിനൊപ്പം നിന്ന മത്സരത്തില്‍ അഞ്ച് മിനുട്ടുകള്‍ മാത്രം അവശേഷിക്കെ പിന്നിലായിരുന്ന ഹരിയാന ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 35-33 എന്ന സ്കോറിനു വിജയം കുറിയ്ക്കുകയായിരുന്നു. ഇടവേള സമയത്ത് 19-12നു ഹരിയാന തന്നെയായിരുന്നു മുന്നിലെങ്കിലും രണ്ടാം പകുതിയില്‍ മികച്ച തിരിച്ചുവരവ് നടത്തിയ ബംഗാള്‍ 23-23 എന്ന സ്കോറിനു ഹരിയാനയുടെ ഒപ്പമെത്തി. ഏറെ വൈകാതെ രണ്ട് പോയിന്റ് ലീഡ് കൈവശപ്പെടുത്തിയ ബംഗാള്‍ അഞ്ച് മിനുട്ട് അവശേഷിക്കെ ലീഡ് നേടിയെങ്കിലും അവസാന നിമിഷം മോനു ഗോയതിനു മുന്നില്‍ മത്സരം കൈവിടുകയായിരുന്നു.

12 പോയിന്റ് നേടി മോനു ഗോയത് ആണ് മത്സരത്തിലെ ടോപ് സ്കോറര്‍. ബംഗാളിനു വേണ്ടി 11 പോയിന്റുമായി മനീന്ദര്‍ സിംഗും ഏഴ് പോയിന്റ് നേടി രവീന്ദ്ര കുമാര്‍ കുമാവതും മികവ് പുലര്‍ത്തി. 24-19നു റെയിഡിംഗില്‍ ബംഗാളായിരുന്നു മുന്നിലെങ്കില്‍ 10-6നു പ്രതിരോധത്തില്‍ ഹരിയാന മികവ് പുലര്‍ത്തി. ഇരു ടീമുകളും ഓരോ തവണ ഓള്‍ഔട്ട് ആയപ്പോള്‍ 4-1നു അധിക പോയിന്റില്‍ നിര്‍ണ്ണായക ലീഡ് സ്വന്തമാക്കുവാന്‍ ഹരിയാനയ്ക്കായി.