ശര്‍ദ്ധുല്‍ താക്കൂറിന്റെ പരിശീലനം, ചോദ്യം ചെയ്യുവാന്‍ ഒരുങ്ങി എംസിഎ

Sports Correspondent

Updated on:

Download the Fanport app now!
Appstore Badge
Google Play Badge 1

ലോക്ക്ഡൗണിലെ പുതിയ ഘട്ടത്തില്‍ ബിസിസിഐ ഇന്ത്യന്‍ താരങ്ങള്‍ക്ക് സ്റ്റേഡിയത്തില്‍ പരിശീലനം നല്‍കുവാന്‍ ബിസിസിഐ അനുമതി നല്‍കിയെങ്കിലും അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ മാത്രമാകണമെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടത്. എന്നാല്‍ കൊറോണ ഏറ്റവും അധികം ബാധിച്ച മഹാരാഷ്ട്രയില്‍ ശര്‍ദ്ധുല്‍ താക്കൂര്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടത് ഈ മാനദണ്ഡം പാലിച്ചായിരുന്നില്ല.

പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം താരത്തിന്റെ ഈ നടപടിയ്ക്കെതിരെ അന്വേഷണത്തിന് മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും താരത്തില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് അറിയുന്നത്. പല്‍ഗാര്‍ ജില്ല മഹാരാഷ്ട്രയിലെ റെഡ് സോണില്‍ പെടുന്നതല്ലെങ്കിലും താരത്തില്‍ നിന്ന് നിരുത്തരവാദിത്വപരമായ സമീപനമാണ് ഉണ്ടായതെന്നാണ് ബിസിസിഐയും എംസിഎയും പറയുന്നത്.

താക്കൂറിന് പുറമെ വേറെ മൂന്ന് താരങ്ങളും പുറത്ത് പരിശീലനം നടത്തിയിരുന്നു. ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. ഇതില്‍ തന്നെ ശര്‍ദ്ധുല്‍ താക്കൂര്‍ ബിസിസിഐയുടെ കേന്ദ്ര കരാര്‍ ഉള്ള താരമാണ്. 11 ഏകദിനത്തിലും 15 ടി20യിലും 1 ടെസ്റ്റിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള താരം ഇന്ത്യയുടെ സി ഗ്രേഡ് കരാറിന് ഉടമയാണ്.

ഇത്തരത്തിലുള്ള താരങ്ങള്‍ക്ക് ബിസിസിഐയുടെ കര്‍ശനമായ നിയമാവലി കൊടുത്തിട്ടുള്ളപ്പോള്‍ അത് കാറ്റില്‍ പറത്തിയ താരത്തിനെതിരെ നടപടിയുണ്ടാകുമോ എന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.