ഇന്ത്യ എയും ദക്ഷിണാഫ്രിക്ക എയും തമ്മിലുള്ള ചതുര്‍ദിന മത്സരത്തിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 129/2 എന്ന നിലയില്‍. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സിനെ 164 റണ്‍സിന് അവസാനിപ്പിച്ചാണ് ഇന്ത്യ കരുത്തുറ്റ പ്രകടനം പുറത്തെടുത്തത്. തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
സ്കോര്‍ ബോര്‍ഡ് തുറക്കുന്നതിന് മുമ്പ് തന്നെ എയ്ഡന്‍ മാര്‍ക്രത്തെയും പീറ്റര്‍ മലനെയും നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്ക പിന്നീട് ആ പ്രഹരത്തില്‍ നിന്ന് കരകയറിയില്ല. മാര്‍ക്കത്തെ മുഹമ്മദ് സിറാജ് പുറത്താക്കിയപ്പോള്‍ പീറ്റര്‍ മലനെ ശര്‍ദ്ധുല്‍ താക്കൂര്‍ പുറത്താക്കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായ ദക്ഷിണാഫ്രിക്ക 70/7 എന്ന നിലയിലേക്ക് വീണു.
മാര്‍ക്കോ ജാന്‍സെന്‍ 45 റണ്‍സുമായി പുറത്താകാതെ നിന്ന് ഡെയിന്‍ പീഡെറ്റുമായി(33) ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ നേടിയ 31 റണ്‍സും ആറാം വിക്കറ്റില്‍ വിയാന്‍ മുള്‍ഡറും ഡെയിന്‍ പീഡെറ്റും നേടിയ 30 റണ്‍സുമാണ് ദക്ഷിണാഫ്രിക്ക നടത്തിയ ചെറുത്തുനില്പുകളില്‍ എടുത്ത് പറയാവുന്നത്. 51.5 ഓവറില്‍ 164 റണ്‍സിന് ദക്ഷിണാഫ്രിക്ക ഓള്‍ഔട്ട് ആയപ്പോള്‍ ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജും കൃഷ്ണപ്പ ഗൗതമും മൂന്ന് വീതം വിക്കറ്റും ഷഹ്ബാസ് നദീം രണ്ട് വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കായി ശുഭ്മന്‍ ഗില്‍ 66 റണ്‍സുമായി ബാറ്റിംഗില്‍ തിളങ്ങിയപ്പോള്‍ ഓപ്പണ്‍ റുതുരാജ് ഗായ്ക്വാഡ്, റിക്കി ഭുയി എന്നിവരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഗായ്ക്വാഡ് 30 റണ്‍സും റിക്കി ഭുയി 26 റണ്‍സും നേടി. അങ്കിത് ഭാവനേ ആണ് ശുഭ്മന്‍ ഗില്ലിനൊപ്പം ക്രിസീലുള്ളത്. 38 ഓവറില്‍ 129 റണ്‍സാണ് ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.