CricketFeatured

ചരിത്രം കുറിച്ച് ഷാന്റോ; പാകിസ്താനെതിരായ ഒന്നാം ടെസ്റ്റിൽ ബംഗ്ലാദേശിന് മികച്ച തുടക്കം

Resizedimage 2026 05 08 15 43 26 1

പാകിസ്താനെതിരെ മിർപൂരിലെ ഷേർ-ഇ-ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിൽ ആരംഭിച്ച ഒന്നാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം തന്നെ നായകൻ നജ്മുൽ ഹൊസൈൻ ഷാന്റോ ചരിത്രനേട്ടം സ്വന്തമാക്കി. പാകിസ്താനെതിരെ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ ബംഗ്ലാദേശ് ക്യാപ്റ്റനായി ഷാന്റോ മാറി. വെറും 130 പന്തിൽ നിന്ന് 12 ഫോറുകളും 2 സിക്സറുകളുമടക്കം 101 റൺസാണ് ഷാന്റോ അടിച്ചുകൂട്ടിയത്.

ഷാന്റോയുടെ ഒൻപതാം ടെസ്റ്റ് സെഞ്ച്വറിയാണിത്.
മത്സരത്തിന്റെ തുടക്കത്തിൽ രണ്ട് വിക്കറ്റുകൾ നഷ്ടമായി പതറിയ ബംഗ്ലാദേശിനെ മോമിനുൽ ഹഖിനൊപ്പം ചേർന്നാണ് ഷാന്റോ കരകയറ്റിയത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 170 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 2011-ൽ മുഷ്ഫിഖുർ റഹീം സ്ഥാപിച്ച 53 റൺസെന്ന മുൻ റെക്കോർഡ് മറികടന്നാണ് ഷാന്റോ ഈ നേട്ടത്തിലെത്തിയത്. ഹബീബുൽ ബാഷർ, ലിറ്റൺ ദാസ് എന്നിവർക്ക് ശേഷം പാകിസ്താനെതിരെ ടെസ്റ്റ് സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ബംഗ്ലാദേശ് താരമാണ് ഷാന്റോ.


ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത പാകിസ്താൻ നായകൻ ഷാൻ മസൂദിന്റെ തീരുമാനം തുടക്കത്തിൽ ശരിവെക്കുന്നതായിരുന്നു ബൗളർമാരുടെ പ്രകടനം. ഷഹീൻ അഫ്രീദിയും ഹസൻ അലിയും ചേർന്ന് ഓപ്പണർമാരെ വേഗത്തിൽ പുറത്താക്കിയെങ്കിലും പിന്നീട് ഷാന്റോയും മോമിനുലും കളി നിയന്ത്രിക്കുകയായിരുന്നു. ഷാന്റോ പുറത്തായെങ്കിലും മോമിനുൽ ഹഖ് അർദ്ധസെഞ്ച്വറിയുമായി ക്രീസിലുണ്ട്. ഇപ്പോൾ 257-3 എന്ന നിലയിലാണ് അവർ.