ഷാക്കിബിനും മൊര്‍തസയ്ക്കും പകരക്കാരില്ല

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തുവെങ്കിലും മെച്ചപ്പെട്ട ലോകകപ്പെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നല്ലായിരുന്നു ബംഗ്ലാദേശിന്റേത്. എന്നാല്‍ ടീമിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍. ലോകകപ്പില്‍ നായകന്‍ മഷ്റഫെ മൊര്‍തസയുടെ പ്രകടനമായിരുന്നു ഏറ്റവും മോശം. തന്റെ ടീമംഗങ്ങളെ ആവേശം കൊള്ളിക്കുന്ന ബൗളിംഗ് പ്രകടനം താരത്തിന് പുറത്തെടുക്കുവാന്‍ സാധിക്കാതെ വന്നപ്പോള്‍ എട്ട് മത്സരങ്ങളില്‍ നിന്ന് ഒരു വിക്കറ്റാണ് താരം നേടിയത്. അതേ സമയം ഷാക്കിബ് അല്‍ ഹസന്‍ ടൂര്‍ണ്ണമെന്റില്‍ തന്റെ ഓള്‍റൗണ്ട് മേധാവിത്വം കൊണ്ട് ശ്രദ്ധേയനാകുകയായിരുന്നു.

മൊര്‍തസ ലോകകപ്പിന് ശേഷം വിരമിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെങ്കില്‍ ഷാക്കിബ് ഇനിയും കുറച്ച് കാലം കൂടി ബംഗ്ലാദേശിന് വേണ്ടി കളത്തിലുണ്ടാകും എന്നുറപ്പാണ്. എന്നാല്‍ ഇരു താരങ്ങള്‍ക്കും പകരക്കാരനെ കണ്ടെത്തുക എന്നത് ഏറെ ശ്രമകരമാണെന്ന് നസ്മുള്‍ പറഞ്ഞു. ഈ രണ്ട് താരങ്ങളെ മാറ്റി നിര്‍ത്തിയാല്‍ മറ്റ് ഉപാധികള്‍ ബംഗ്ലാദേശിന് മുന്നിലുണ്ട്, എന്നാല്‍ ഇവര്‍ക്ക് പകരക്കാരെ കണ്ടെത്തുക ശ്രമകരമാണെന്ന് നസ്മുള്‍ വ്യക്തമാക്കി.

മൊര്‍തസ താരമായി മാത്രമല്ല ടീമിലെത്തുന്നതെന്നും അത് പോലൊരു ക്യാപ്റ്റനെ ലഭിക്കുക പ്രയാസകരമാണെന്നും ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി. അയര്‍ലണ്ട് പരമ്പരയില്‍ പരിക്കേറ്റിരുന്നതിനാല്‍ ലോകകപ്പില്‍ മൊര്‍തസ അത്ര മികവ് പുലര്‍ത്താന്‍ സാധ്യതയില്ലെന്ന് തങ്ങള്‍ നേരത്തെ തന്നെ വിലയിരുത്തിയിരുന്നതാണെന്ന് നസ്മുള്‍ പറഞ്ഞു.

എന്നാല്‍ മൊര്‍തസ തികഞ്ഞൊരു പോരാളിയാണ്. ചില മത്സരങ്ങളില്‍ താരത്തിനോട് വിശ്രമിക്കുവാന്‍ ആവശ്യപ്പെട്ടിരുപ്പോള്‍ ആദ്യം താരം സമ്മതിച്ചുവെങ്കിലും പിന്നീട് താന്‍ ഇത്രയും നാള്‍ തന്റെ മുഴുവന്‍ ആത്മാര്‍ത്ഥതയും കൊടുത്ത് പൊരുതിയ രാജ്യത്തിന് വേണ്ടി അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ കൂടി കളിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. പരിക്കുമായി താന്‍ മുമ്പും കളിച്ചിട്ടുണ്ടെന്നും, അതില്‍ വലിയ കാര്യമില്ലെന്നും മൊര്‍തസ അന്ന് വ്യക്തമാക്കിയെന്ന് നസ്മുള്‍ ഹസന്‍ വ്യക്തമാക്കി. ഇത്തരം മനോഭാവമാണ് എല്ലാവരിലും വേണ്ടതെന്ന് നസ്മുള്‍ സൂചിപ്പിച്ചു.